തേങ്ങ ചിരകി സമയം കളയണ്ട; ഈ ചേരുവകൾ ചേർത്ത് അരിക് മൊരിഞ്ഞ കിടിലൻ വെള്ളയപ്പം തയ്യാറാക്കാം

പ്രതീകാത്മക ചിത്രം
വെള്ളയപ്പം ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അപ്പം ഉണ്ടാക്കാൻ തേങ്ങ അരയ്ക്കണം, മാവ് തയ്യാറാക്കണം, പുളിക്കാൻ കാത്തിരിക്കണം എന്നൊക്കെ ഓർക്കുമ്പോൾ പലരും തയ്യാറെടുപ്പിൽ നിന്ന് പിന്മാറാറുണ്ട്. പ്രത്യേകിച്ച് തിരക്കുള്ള ദിവസങ്ങളിൽ തേങ്ങ അരയ്ക്കുന്നതും മറ്റും അധിക ജോലിയായി തോന്നാം. എന്നാൽ ഇനി അതിന്റെ പേരിൽ വെള്ളയപ്പം ഒഴിവാക്കേണ്ട. തേങ്ങ അരയ്ക്കാതെ തന്നെ അരിക് നല്ലപോലെ മൊരിഞ്ഞതും ഉള്ളിൽ മൃദുവായതുമായ കിടിലൻ വെള്ളയപ്പം എളുപ്പത്തിൽ തയ്യാറാക്കാം. മാവ് അരയ്ക്കുമ്പോൾ വെളിച്ചെണ്ണ ചേർക്കുന്നത് മാവ് എളുപ്പത്തിൽ പൊങ്ങിവരാൻ സഹായിക്കും.
ആവശ്യമായ ചേരുവകൾ
വറുത്ത അരിപ്പൊടി – 1 കപ്പ്
ചോറ് – അരക്കപ്പ്
പഞ്ചസാര – 2 ടേബിൾസ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
യീസ്റ്റ് – കുറച്ച്
വെള്ളം – ഒന്നേകാൽ കപ്പ്
തയ്യാറാക്കുന്ന വിധം
വറുത്ത അരിപ്പൊടി, അരക്കപ്പ് ചോറ്, പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ, കുറച്ച് യീസ്റ്റ്, ഒന്നേകാൽ കപ്പ് വെള്ളം എന്നിവ മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. നന്നായി മിനുസമുള്ള മാവായി അരച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി അടച്ചുവയ്ക്കുക. ഏകദേശം നാല് മണിക്കൂർ മാവ് പുളിക്കാൻ അനുവദിക്കണം. മാവ് നന്നായി പുളിച്ചുകഴിഞ്ഞാൽ വെള്ളയപ്പം തയ്യാറാക്കാം.
അപ്പം പെർഫെക്ടായി കിട്ടാൻ ഈ ടിപ്പ് ശ്രദ്ധിക്കാം
അപ്പച്ചട്ടി ആദ്യം അടച്ചുവച്ച് നന്നായി ചൂടാക്കുക. ചട്ടി ചൂടായ ശേഷം മാവ് ഒഴിച്ച് അപ്പം ചുറ്റിച്ച് പരത്തുക. മാവിൽ കുമിളകൾ വന്നതിന് ശേഷം മാത്രം അപ്പച്ചട്ടി അടച്ച് വേവിക്കണം. ഈ രീതിയിൽ തയ്യാറാക്കുമ്പോൾ അപ്പത്തിന്റെ അരിക് നല്ലപോലെ മൊരിഞ്ഞുവരും. അതേസമയം മദ്ധ്യഭാഗം മൃദുവായും നല്ല പഞ്ഞിപോലെയും ലഭിക്കും.
RELATED TOPICS: VELLAYAPPAM RECIPE, CRISPY VELLAYAPPAM, COCONUT FREE APPAM, KERALA BREAKFAST, WHITE APPAM RECIPE
News ⏭️


