എസ്എഫ്ഐ പ്രവർത്തകൻ നശിപ്പിച്ച കോടിയേരിയുടെ ഫ്ലക്സിന് പകരം പുതിയത് സ്ഥാപിച്ചു

യൂത്ത് കോൺഗ്രസുകാർ പുനഃസ്ഥാപിച്ച ഫ്ലക്സ് ബോർഡ്, എസ്.എഫ്.ഐ പ്രകടനത്തിനിടെ കോടിയേരി അനുസ്മരണത്തിന്റെ ഫ്ലക്സ് ബോർഡ് തകർക്കുന്നു
തിരുവനന്തപുരം : എസ്.എഫ്.ഐ കൊല്ലം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകൻ നശിപ്പിച്ച കോടിയേരിയുടെ ഫ്ലക്സിന് പകരം പുതിയത് സ്ഥാപിച്ചു. എസ്.എഫ്.ഐയും യൂത്ത് കോൺഗ്രസുമാണ് ഫ്ലക്സ് ബോർഡ് പുനഃസ്ഥാപിച്ചത്. സംഭവം വിവാദമായതോടൊണ് എസ്.എഫ്.ഐ ചിന്നക്കടയിൽ കോടിയേരിയുടെ ചിത്രമുള്ള ഫ്ലക്സ് പുനഃസ്ഥാപിച്ചത്. ഫ്ലക്സ് നശിപ്പിച്ചയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതിയും നൽകി.
എസ്.എഫ്.ഐ പ്രവർത്തകർ ഫ്ലക്സ് സ്ഥാപിച്ചതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നേതാവ് കുരുവിള ജോസഫിന്റെ നേതൃത്വത്തിൽ മറ്റൊരു ഫ്ലക്സ് കൂടി സ്ഥാപിച്ചത്. എസ്.എഫ്.ഐക്കാർ തകർത്ത കോടിയേരിയുടെ ചരമ വാർഷിക ഫ്ലക്സ് യൂത്ത് കോൺഗ്രസുകാർ പുനഃസ്ഥാപിച്ചുവെന്ന അടിക്കുറിപ്പോടെയാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് എസ്.എൻ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച എസ്.എഫ്.ഐ പ്രകടനം ചിന്നക്കടയിൽ എത്തിയപ്പോഴാണ് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തെ ഫ്ളക്സ് ബോർഡ്, പ്രവർത്തകരിൽ ഒരാൾ ഓടിയെത്തി തകർത്തത്. അതിനുശേഷം വീണ്ടും പ്രകടനത്തിലെത്തി മുദ്രാവാക്യം വിളിച്ച് നടന്നുനീങ്ങുകയായിരുന്നു. എന്നാൽ പ്രകടനത്തിനിടെ കോടിയേരിയുടെ ഫ്ലക്സ് തകർത്തയാളെ അറിയി ല്ലെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. എസ്.എഫ്.ഐയുടെ ഘടകങ്ങളിലോ മെമ്പർഷിപ്പിലോ ഉള്ളയാളല്ലെന്നും എങ്ങനെ പ്രകടനത്തിൽ വന്നുവെന്ന് പരിശോധിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു.
രണ്ട് ദിവസം മുൻപ് ബി.ജെ.പി പ്രവർത്തകരുടെ പ്രകടനത്തിനിടയിൽ ചിന്നക്കടയിലും പരിസരത്തുമുണ്ടായിരുന്ന കോൺഗ്രസിന്റെ ഫ്ലക്സുകളും കൊടികളുമെല്ലാം തകർത്തിരുന്നു. കഴിഞ്ഞദിവസം രാത്രി, എസ്.എഫ്.ഐ പ്രകടനത്തിനിടെ കോൺഗ്രസിന്റെ ബോർഡുകളും നശിപ്പിച്ചു.
RELATED TOPICS: SFI MARCH, KODIYERI REMEMBRANCE, KODIYERI BALAKRISHNAN, YOUTH CONGRESS
Read News ⏭️




