പ്രതിസന്ധികളെ വിജയഗാഥകളാക്കിയ സ്റ്റാർട്ടപ്പുകൾ: നൗറിനും റമീസ് അലിയും പങ്കുവെക്കുന്ന വളർച്ചയുടെ വഴികൾ

കൊച്ചി: സംരംഭകത്വത്തിന്റെ ഉയർച്ച താഴ്ചകളും വെല്ലുവിളികളും അതിജീവനത്തിന്റെ പാഠങ്ങളും പങ്കുവെച്ച് രണ്ട് യുവ സംരംഭകർ വേദിയണിഞ്ഞു. അപ്രതീക്ഷിതമായി കടന്നുവന്ന പ്രതിസന്ധികളെയും കോവിഡ് കാലത്തെ ദുഷ്കരമായ സാഹചര്യങ്ങളെയും മറികടന്ന് ബിസിനസ് ലോകത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ച ഫെമിസേഫ് സഹസ്ഥാപക നൗറീൻ ഐഷയും ക്രാവ് (Krav) സ്ഥാപകൻ റമീസ് അലിയുമാണ് തങ്ങളുടെ അനുഭവങ്ങൾ സദസ്സിനോട് വിവരിച്ചത്. വിദ്യാഭ്യാസം, വെൽനെസ് തുടങ്ങിയ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇരുവരും, കൊച്ചിയിൽ നടന്ന മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിലാണ് സംസാരിച്ചത്. ഹീൽ സ്ഥാപകൻ രാഹുൽ മാമൻ ഏബ്രഹാം പരിപാടി നിയന്ത്രിച്ചു.
റമീസിന്റെ സ്റ്റാർട്ടപ്പ് യാത്ര
നിയമപഠനത്തിന് ശേഷം കോവിഡ് കാലത്തെ അനിശ്ചിതത്വത്തെ ഒരു അവസരമായി മാറ്റിയെടുക്കുകയായിരുന്നു റമീസ്. അയൽപക്കത്തെ കുട്ടികൾക്ക് ട്യൂഷൻ എടുത്തു തുടങ്ങിയ റമീസ്, മഹാമാരി പടർന്നതോടെ ക്ലാസുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റി. ‘ഒരു കുട്ടിക്ക് ഒരു അധ്യാപകൻ’ എന്ന ആശയത്തിൽ തുടങ്ങിയ സംരംഭം 2021-ഓടെ ‘ഇന്റർവെൽ’ എന്ന പേരിൽ കമ്പനിയായി പരിണമിച്ചു. ആദ്യ നാളുകളിൽ സാവധാനത്തിലായിരുന്ന വളർച്ച, പിന്നീട് കുതിച്ചുചാട്ടം നടത്തി. 2022-ൽ രണ്ട് കോടി രൂപ വിറ്റുവരവ് നേടിയ സ്ഥാപനം, പിന്നീട് 10, 20, 50 കോടി എന്നിങ്ങനെ അതിവേഗമാണ് വളർന്നത്. ഇന്ന് ലോകത്തെ 60 രാജ്യങ്ങളിലായി 1.1 ലക്ഷത്തിലധികം വിദ്യാർഥികളും കേരളത്തിൽ നിന്നുള്ള 16,000-ത്തോളം അധ്യാപകരും ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്. വിവിധ രാജ്യങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മാറുന്ന വിപണി ട്രെൻഡുകൾക്കും അനുസൃതമായി തങ്ങളുടെ കോഴ്സുകളിൽ നിരന്തരം മാറ്റങ്ങൾ വരുത്തിയതാണ് ഇവർക്ക് വലിയ നേട്ടമായത്. നിക്ഷേപങ്ങളെക്കുറിച്ചും ഫണ്ട് സമാഹരണത്തെക്കുറിച്ചും ആശങ്ക വേണ്ടെന്നും, മികച്ച ബിസിനസ് മോഡലും ഉപഭോക്താക്കളുടെ വിശ്വാസവും ഉണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്നും റമീസ് അടിവരയിടുന്നു. 2025-ൽ ഇന്റർവെല്ലിൽ നിന്ന് പടിയിറങ്ങിയ റമീസ്, ഇപ്പോൾ താരം നിവിൻ പോളിക്കൊപ്പം ‘ക്രാവ്’ എന്ന പുതിയ സംരംഭത്തിന്റെ തുടക്കത്തിലാണ്.
നൗറീന്റെ ഫെമിസേഫ്
ഭർത്താവിനൊപ്പം കോവിഡ് പ്രതിസന്ധിക്കിടയിൽ നൗറീൻ ഐഷ ആരംഭിച്ച ‘ഫെമിസേഫ്’ എന്ന സ്റ്റാർട്ടപ്പിന്റെ വളർച്ചാ കഥ കഠിനാധ്വാനത്തിന്റെ അടയാളമാണ്. ലോക്ക്ഡൗൺ കാലത്ത് സാനിറ്ററി പാഡുകൾ കിട്ടാനുണ്ടായ ബുദ്ധിമുട്ടും അവയുടെ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പ്രയാസങ്ങളുമാണ് മെൻസ്ട്രുവൽ കപ്പുകളിലേക്കും അതുവഴി ഒരു വലിയ വെൽനെസ് ബ്രാൻഡിലേക്കും നൗറീനെ എത്തിച്ചത്. തുടക്കത്തിലെ ഒരു വർഷം ഉൽപ്പന്നങ്ങളുടെ പാക്കിങ് മുതൽ കസ്റ്റമർ കെയർ, എച്ച്ആർ പ്രവർത്തനങ്ങൾ വരെ ദമ്പതികൾ നേരിട്ടാണ് ചെയ്തിരുന്നത്. പിന്നീട് പരസ്പരമുള്ള ചുമതലകളുടെ വിഭജനം സംരംഭത്തെ കൂടുതൽ കാര്യക്ഷമമാക്കി. മെൻസ്ട്രുവൽ കപ്പുകൾ വഴി ഉപഭോക്താക്കൾക്കിടയിൽ നേടിയെടുത്ത വലിയ വിശ്വാസം, ബോഡി വാഷ് അടക്കമുള്ള മറ്റ് വെൽനെസ് ഉൽപ്പന്നങ്ങളിലേക്ക് ബ്രാൻഡിനെ വ്യാപിപ്പിക്കാൻ സഹായിച്ചു. ഡിജിറ്റൽ മാർക്കറ്റിംഗിനും പരസ്യങ്ങൾക്കുമായി വൻ തുക ചെലവഴിക്കേണ്ടി വരുന്ന ഈ മേഖലയിൽ, ഉപഭോക്താക്കളെ പിടിച്ചുനിർത്തുക എന്നത് വലിയ വെല്ലുവിളിയാണെന്ന് നൗറീൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രതിസന്ധികളെ വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിംഗിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും മറികടന്ന് മുന്നേറുകയാണ് ഫെമിസേഫ്.




