NEWS

വിവാഹം മുടക്കിയെന്ന വിരോധം: ദമ്പതികൾക്ക് നേരെ ക്വട്ടേഷൻ ആക്രമണം, അയൽവാസി ഉൾപ്പെടെയുള്ള സംഘം പിടിയിൽ

പേരാമ്പ്ര ചേനോളിയിൽ ദമ്പതികൾക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ ക്വട്ടേഷൻ സംഘം പിടിയിലായി. കാവിൽ കിടഞ്ഞോത്ത് എസ്.എസ്.ആകാശ് (26), കായണ്ണ ചെറുക്കാട് പാടിക്കുന്നുമ്മൽ ആർ.ബി.അശ്വിൻ (26), വാകയാട് തോട്ടത്തിൽ അഭയ് (23) എന്നിവരെയാണ് പേരാമ്പ്ര ഇൻസ്പെക്ടർ പി.കെ.അനിൽ കുമാറിന്റെയും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡിലെ എഎസ്ഐ സി.എം.സുനിൽ കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികൾ ആക്രമണത്തിനായി ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം 22-ന് രാത്രി ഒമ്പതരയോടെയാണ് ചേനോളി കുണ്ടുങ്ങൽതാഴെ മണ്ണച്ചാംകണ്ടി റഷീദിന് (45) നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്. ഒരു വിവാഹം മുടങ്ങിയതിന്റെ പേരിലുള്ള വിരോധമാണ് ഈ ക്വട്ടേഷൻ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. തങ്ങളുടെ കാറിലെ ഇന്ധനം തീർന്നെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ കൊണ്ടുവരാനായി ഓട്ടോറിക്ഷയുമായി വരണമെന്നും ആവശ്യപ്പെട്ടാണ് പ്രതികൾ റഷീദിനെ വിളിച്ചുവരുത്തിയത്.

നിർദ്ദേശപ്രകാരം ഓട്ടോറിക്ഷയുമായി പ്രതികളുടെ അടുത്തെത്തിയ റഷീദിനോട്, അയൽവാസി ഏൽപ്പിച്ച ക്വട്ടേഷൻ പ്രകാരമാണ് തങ്ങൾ എത്തിയതെന്ന് പറഞ്ഞായിരുന്നു മർദനം. ഓട്ടോയിലിരിക്കവെ റഷീദിന്റെ കണ്ണിലേക്ക് മുളകുപൊടി വിതറിയ ശേഷം ഇരുമ്പുകട്ട ഉപയോഗിച്ച് നെറ്റിയിൽ ഇടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഇതിനുശേഷം റഷീദിന്റെ വീടിന്റെ വരാന്തയിലേക്ക് ഇരച്ചുകയറിയ സംഘം അദ്ദേഹത്തിന്റെ ഭാര്യ ഷംനയ്ക്കു നേരെയും വധഭീഷണി മുഴക്കിയെന്നാണ് കേസ്. കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ റഷീദ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Fashion ⏭️

Back to top button