LIFESTYLE

വീട്ടുമുറ്റത്ത് പൂളും ഫൗണ്ടനും ഒരുക്കി; ആഡംബര നിർമ്മാണത്തിന് ഒടുവിൽ സംഭവിച്ചത് എന്ത്?

ഏതൊരു വ്യക്തിയുടെയും വലിയൊരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. എന്നാൽ, വീടുപണി ആസൂത്രണം ചെയ്യുമ്പോൾ പലരും പ്രായോഗികത മറന്ന് കേവലം ഭാവനകൾക്ക് മുൻതൂക്കം നൽകുന്നത് വലിയ അബദ്ധങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. ഗൾഫിൽ ജോലി ചെയ്യുന്ന ഒരു പ്രവാസിയുടെ ജീവിതാനുഭവം ഇതിന് മികച്ചൊരു ഉദാഹരണമാണ്. തന്റെ നാട്ടിലെ പച്ചപ്പും കുളവുമൊക്കെ മനസ്സിൽ സൂക്ഷിച്ചിരുന്ന അദ്ദേഹം, നാട്ടിൽ സ്ഥലം വാങ്ങി അത്യാധുനിക ശൈലിയിൽ വീട് പണിതപ്പോൾ ഒപ്പം ഒരു സ്വിമ്മിങ് പൂളും വാട്ടർ ഫൗണ്ടനും വിശാലമായ ലാൻഡ്‌സ്‌കേപ്പും വേണമെന്ന് നിർബന്ധം പിടിച്ചു.

മനോഹരമായ തണൽമരങ്ങൾ നിലനിന്നിരുന്ന ആ പ്ലോട്ടിലെ മരങ്ങളെല്ലാം വെട്ടിമാറ്റിയാണ് പുൽത്തകിടിയും പൂളും ഒരുക്കിയത്. വീട് നിർമ്മാണത്തിന് ചെലവായതിന് തുല്യമായ തുക മെക്സിക്കൻ ഗ്രാസും പേൾ ഗ്രാസും മറ്റ് ചെടികളും നട്ടുപിടിപ്പിക്കാൻ അദ്ദേഹം ചെലവഴിച്ചു. വീടിനുള്ളിൽ ഒരു കോർട്യാർഡ് വാട്ടർ ഫൗണ്ടനാക്കി മാറ്റുകയും, മറ്റൊരു ഭാഗത്ത് മീനുകളെ വളർത്താനായി വാട്ടർ ബോഡി നിർമ്മിക്കുകയും ചെയ്തു. ആദ്യത്തെ കുറച്ചു നാളുകൾ എല്ലാം മനോഹരമായിരുന്നെങ്കിലും, ഗൃഹനാഥൻ തിരികെ ഗൾഫിലേക്ക് മടങ്ങിയതോടെ കഥ മാറി.

ആദ്യത്തെ വേനൽക്കാലം വന്നതോടെ പ്രദേശത്ത് കടുത്ത വരൾച്ച അനുഭവപ്പെട്ടു. ഫെബ്രുവരി എത്തിയപ്പോഴേക്കും കിണർ വറ്റി. കുടിവെള്ള കണക്ഷൻ ഉണ്ടെങ്കിലും വേനലിൽ അതും പേരിനുമാത്രമായി. വീടിന്റെ നിത്യോപയോഗത്തിനായി ടാങ്കർ ലോറികളെ ആശ്രയിക്കേണ്ടി വന്നു. നാട്ടിൽ ജോലി ചെയ്യുന്ന ഭാര്യയ്ക്ക് തുടക്കത്തിൽ ആ ഉദ്യാനം സന്തോഷം നൽകിയെങ്കിലും, പിന്നീട് അതിന്റെ പരിപാലനം വലിയൊരു ഭാരമായി മാറി. വെള്ളമില്ലാത്തതിനാൽ പുൽത്തകിടി പൂർണ്ണമായും കരിഞ്ഞുണങ്ങി. ജനുവരി വരെ സജീവമായിരുന്ന വാട്ടർ ഫൗണ്ടൻ നിശ്ചലമായി. വെള്ളം ഫിൽട്ടർ ചെയ്യാൻ സാധിക്കാത്തതുകൊണ്ട് സ്വിമ്മിങ് പൂളിലെ വെള്ളവും കളയേണ്ടി വന്നു. ഇന്ന് അതൊരു കരിയിലയും പായലും നിറഞ്ഞ സ്ഥലമായി മാറി.

വീടിനുള്ളിലെ അക്വേറിയവും കൃത്യമായ പരിചരണം ലഭിക്കാതെ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അതും ശൂന്യമാക്കേണ്ടി വന്നു. ഇന്ന് വീടിന്റെ പല ഭാഗങ്ങളും ഉപയോഗശൂന്യമായ സ്ഥലങ്ങളായി അവശേഷിക്കുന്നു. വീടിന്റെ പുറംഭാഗം ആകർഷകമാക്കാൻ ധാരാളം ഗ്ലാസുകൾ ഉപയോഗിച്ചതും, മരങ്ങൾ വെട്ടിമാറ്റി മുറ്റം മുഴുവൻ ഇന്റർലോക്ക് വിരിച്ചതും വലിയ അബദ്ധമായി. ഇത് പുറത്തെ ചൂട് വീടിനുള്ളിലേക്ക് നേരിട്ട് ആവാഹിച്ചു. എസി ഇല്ലാതെ വീടിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയായതോടെ കറന്റ് ബിൽ സാധാരണക്കാരനെ ഞെട്ടിക്കുന്ന തുകയായി ഉയർന്നു.

Cinema ⏭️

Back to top button