കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യാം: തൊഴിൽ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി∙ ഇനി മുതൽ കള്ളുഷാപ്പുകളിലും സ്ത്രീകൾക്ക് ജോലി ചെയ്യാം. കേരള അബ്കാരി ഷോപ്സ് ഡിസ്പോസൽ ചട്ടം 7(37)-ൽ സ്ത്രീകളുടെ തൊഴിലിനെ വിലക്കിക്കൊണ്ടുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നും, ഇത് ലിംഗസമത്വത്തിനും മൗലികാവകാശങ്ങൾക്കും എതിരാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ കണ്ട് അവരെ ജോലി ചെയ്യുന്നതിൽ നിന്ന് തടയുകയല്ല, മറിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി.
തന്റെ ഭർത്താവ് മരിച്ചതിനെ തുടർന്ന് കള്ളുഷാപ്പിൽ ആശ്രിതനിയമനം ലഭിക്കാനായി തൃശൂർ സ്വദേശിനി സോഫി സമർപ്പിച്ച അപേക്ഷ നിരസിക്കപ്പെട്ടതിനെതിരെ നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ സുപ്രധാന വിധി. നേരത്തെ, വിദേശമദ്യ വിൽപനശാലകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കോടതി നീക്കിയിരുന്നു. എന്നാൽ, വിദേശമദ്യഷാപ്പുകളിൽ നിന്ന് വ്യത്യസ്തമായി കള്ളുഷാപ്പുകളിലെ അന്തരീക്ഷം സുരക്ഷിതമല്ലെന്നും, സ്ത്രീകളെ അതിക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് ഇത്തരം ഒരു നിയമം നിലനിർത്തുന്നതെന്നും സർക്കാർ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.




