TRAVEL

മീശപ്പുലിമല കയറിയാൽ കാണാം നീലക്കുറിഞ്ഞി വസന്തം,​ പോകുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം


നീലക്കുറിഞ്ഞി

മുൻകൂർ അനുമതി വാങ്ങണമെന്ന് വനം വകുപ്പ്

ഇടുക്കി:ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി ആസ്വദിക്കാൻ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് വനംവകുപ്പ്. കുറിഞ്ഞി ആപ്പ് വഴിയോ www.kfdcecotourism.com എന്ന വെബ്‌സൈറ്റ് വഴിയോ മുൻകൂർ ബുക്ക് ചെയ്ത ശേഷം എത്തുന്നവർക്കേ പ്രവേശനം അനുവദിക്കൂവെന്നും ദിവസവും 750 പേരെയേ കടത്തി വിടുകയുള്ളുവെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

മൂന്നാർ സൈലന്റ് വാലി റോഡിലുള്ള കോർപറേഷന്റെ ഓഫീസിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് മീശപ്പുലിമല. ഇവിടേയ്ക്ക് സഞ്ചാരികൾക്ക് എത്തച്ചേരാൻ വനം വകുപ്പ് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജി.എസ്.ടി ഉൾപ്പെടെ 1475 രൂപയാണ് ഒരാൾക്ക് നിരക്ക്. രാവിലെ ആറുമണി മുതലാണ് പ്രവേശനം . 60 പേർക്ക് ടെന്റ് സ്റ്റേ സൗകര്യവും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട് .സ്ലീപ്പിംഗ് ബാഗുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ടെന്റിലുണ്ട്. മൂന്നു നേരം ഭക്ഷണം ഉൾപ്പെടെ ഇവിടെ താമസിക്കുന്നതിന് പ്രത്യേക ഇക്കോ ടൂറിസം പാക്കേജിന്റെ ഭാഗമായി ഒരാൾക്ക് 4500 രൂപയാണ് നിരക്ക്. റോഡോ മാൻഷനിൽ 18 പേർക്ക് പ്രത്യേക താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 ഓഫ് റോഡ് യാത്രയിൽ നീല വസന്തം

ഏഴു കിലോമീറ്റർ ഓഫ് റോഡ് യാത്ര ഉൾപ്പെടുന്ന ട്രക്കിംഗിൽ വഴിയോരത്ത് പല ഭാഗത്തും നീലക്കുറിഞ്ഞി വസന്തം കാണാം എന്നതാണ് പ്രത്യേകത. സമുദ്രനിരപ്പിൽനിന്നും 2,640 മീറ്റർ (8661 അടി) ഉയരത്തിലുള്ള മീശപ്പുലിമല ട്രക്കിംഗ് തന്നെ ആകർഷകമാണ് .വരയാടുകളെ കാണുന്നതിനും സൂര്യോദയം ആസ്വദിക്കുന്നതിനും പുറമേ പൂത്തിറങ്ങിയ കുറിഞ്ഞി വസന്തം കൂടിയായപ്പോൾ സഞ്ചാരികൾക്ക് ഇപ്പോൾ ഇവിടെ കാഴ്ചയുടെ നിറപ്പൊലിമയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി സംരക്ഷിത പുഷ്പങ്ങളിൽ ഒന്നാണ്. ഇത് പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ശിക്ഷാർഹമാണന്നും നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കുക

 വനം വകുപ്പ് നിർദ്ദേശിക്കുന്ന പാതയിലൂടെ മാത്രം യാത്ര നടത്തുക

 പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക

 മദ്യം അടക്കമുള്ള ലഹരി വസ്തുക്കൾക്ക് നിരോധനം

 വരയാടുകൾ അടക്കമുള്ള മൃഗങ്ങളേയും മറ്റ് അപൂർവ്വയിനം ജീവികളെയും തൊടാനോ തീറ്റ കൊടുക്കാനോ പാടില്ല.


Business ⏭️

Back to top button