നവരാത്രിക്ക് പിന്നാലെ ദീപാവലിയിലും കുതിച്ചുയർന്ന് വില; കിലോയ്ക്ക് 730 രൂപ

പ്രതീകാത്മക ചിത്രം
കോട്ടയം: കുരുമുളകിന്റെ വിപണിവില കിലോയ്ക്ക് 730 രൂപ എന്ന സർവകാല റെക്കോർഡിലേക്ക് കുതിച്ചുയർന്നെങ്കിലും, ഉൽപ്പാദനത്തിലുണ്ടായ കനത്ത ഇടിവ് കർഷകർക്ക് ഇരുട്ടടിയായി. ഉത്തരേന്ത്യൻ വിപണിയിൽ നവരാത്രി ആഘോഷങ്ങൾക്ക് പിന്നാലെ ദീപാവലി കൂടി എത്തുന്നതോടെ കുരുമുളകിന് ആവശ്യക്കാർ ഏറി. വിപണിയിൽ അനുഭവപ്പെട്ട കടുത്ത ക്ഷാമമാണ് വില 730 രൂപ എന്ന നിലയിലേക്ക് എത്തിച്ചത്. പത്ത് വർഷം മുൻപ് കുറിച്ച 700 രൂപയെന്ന ഉയരത്തെയാണ് വിപണി ഇപ്പോൾ പിന്നിലാക്കിയത്.
തുടർച്ചയായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ കുരുമുളക് കൃഷിയെ തകർക്കുകയാണ്. പ്രധാനമായും ദ്രുതവാട്ടം എന്ന രോഗമാണ് കൃഷിയിടങ്ങളിൽ വ്യാപകമായി നാശം വിതയ്ക്കുന്നത്. തുലാമഴ തുടങ്ങുന്നതോടെ ഇലകളിൽ കറുത്ത പുള്ളികൾ പ്രത്യക്ഷപ്പെടുകയും, പിന്നീട് രോഗം വള്ളിയിലേക്ക് ആഴത്തിൽ വ്യാപിക്കുകയും ചെയ്യുന്നു. ‘ഫൈറ്റോഫ്തോറ കാപ്സിസി’ എന്ന ഫംഗസാണ് ഈ വിപത്തിന് കാരണം. രോഗം ബാധിച്ചാൽ ഇലകളും തണ്ടും ഉണങ്ങിത്തുടങ്ങുന്നതോടെ ചെടി പാടെ നശിക്കുന്നു. വിളവെടുപ്പിന് പാകമാകും മുൻപേ തിരികൾ കൊഴിഞ്ഞുവീഴുന്നതും കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു.
നേരത്തെ ക്വിന്റലുകൾ വിളവെടുത്തിരുന്ന തോട്ടങ്ങളിൽ നിന്ന് ഇപ്പോൾ പത്തോ ഇരുപതോ കിലോ ലഭിക്കാൻ പോലും പാടുപെടുകയാണെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ദ്രുതവാട്ടം വന്ന് നശിച്ച വള്ളികൾക്ക് പകരം പുതിയവ നട്ടാലും അവ ശരിയായി വളരാത്തതും കർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
രോഗം മൂലം ഉണങ്ങാൻ തുടങ്ങുന്ന വള്ളികളിൽ നിന്ന് പാകമെത്താത്ത കുരുമുളക് പറിച്ചെടുക്കാൻ കർഷകർ നിർബന്ധിതരാകുന്നു. ഇങ്ങനെ ലഭിക്കുന്ന കുരുമുളക് പതിരും ഗുണനിലവാരം കുറഞ്ഞതുമായതിനാൽ വിപണിയിൽ മികച്ച വില ലഭിക്കുന്നില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ചെടി പൂർണ്ണമായി നശിക്കാവുന്ന അവസ്ഥയുള്ളതിനാൽ വരും വർഷങ്ങളിലെ കൃഷിയെയും ഇത് സാരമായി ബാധിക്കും. കൃഷിവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ ഫലപ്രദമല്ലെന്നും, പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കുന്നില്ലെന്നുമാണ് കർഷകരുടെ പ്രധാന പരാതി.




