അഞ്ചുദിവസംകൊണ്ട് നാല് ലക്ഷം രൂപ വരുമാനം; പൂജ അവധിക്ക് നേട്ടം കൊയ്ത് കെഎസ്ആർടിസി

കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ്
അവധിക്കാലത്ത് ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. കേരളത്തിനകത്തും പുറത്തും നിന്നുള്ളവർ ഇക്കൂട്ടത്തിൽപ്പെടും. ഇക്കഴിഞ്ഞ പൂജാ അവധിക്കാലത്ത് മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഇതോടെ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് സർവീസിന് എക്കാലത്തെയും മികച്ച വരുമാനമാണ് ലഭിച്ചത്. ഒക്ടോബർ 17 മുതൽ 21 വരെയുള്ള അഞ്ച് ദിവസങ്ങളിൽ 1191 പേരാണ് രണ്ട് ഡബിൾ ഡെക്കർ ബസുകളിലായി യാത്ര ചെയ്തത്. ഇതോടെ 4,06,000 രൂപ വരുമാനമായി ലഭിച്ചു.
കോടകൊണ്ട് മൂടപ്പെട്ട മലനിരകളും പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളുടെയും അതിമനോഹര കാഴ്ചകൾ കണ്ട് ആസ്വദിക്കാം എന്നതാണ് ഡബിൾ ഡെക്കർ ബസുകളുടെ പ്രധാന ആകർഷണം. മൂന്നാറിൽ നിന്ന് കൊച്ചി – ധനുഷ്കോടി ദേശീയപാതയിലൂടെ ആനയിറങ്കൽ ഡാമിന് സമീപം വരെയാണ് യാത്ര. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി അഞ്ചിടങ്ങളിൽ ബസ് നിർത്തും. 2025 ഫെബ്രുവരി എട്ടിനാണ് കെഎസ്ആർടിസിയുടെ ആദ്യ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചത്. തുടർന്ന് 2026 ജനുവരി നാലിന് രണ്ടാമത്തെ സർവീസും ആരംഭിച്ചു.
രാവിലെ ഒമ്പത് മുതൽ വൈകിട്ട് 4.30 വരെ ആറ് സർവീസുകളാണ് രണ്ട് ബസും കൂടി നടത്തുന്നത്. ഡബിൾ ഡെക്കറിൽ യാത്ര ചെയ്യാനായി നേരിട്ടോ കെഎസ്ആർടിസിയുടെ onlineksrtcswift.com വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ ബുക്ക് ചെയ്യാവുന്നതാണ്. മുകൾ നിലയിൽ ഒരാൾക്ക് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയുമാണ് നിരക്ക്. മുകളിൽ 38 സീറ്റും താഴെ 12 സീറ്റുമാണുള്ളത്.
English Summary
KSRTC’s double-decker bus service in Munnar earned a record ₹4.06 lakh during the five-day Pooja holiday period from October 17 to 21, carrying 1,191 passengers on two buses. The scenic journey passes tea plantations and mist-covered hills, with fares of ₹400 for the upper deck and ₹200 for the lower deck. Tickets can be booked online or directly.
RELATED TOPICS: MUNNAR DOUBLE DECKER BUS, KSRTC MUNNAR BUS SERVICE, MUNNAR TOURISM MALAYALAM, MUNNAR DOUBLE DECKER TICKET PRICE, MUNNAR KSRTC BUS YATHRA
Business ⏭️




