നമ്മുടെ ഭക്ഷ്യോത്പന്നങ്ങളുമായി വിഴിഞ്ഞം കപ്പൽ സ്പെയിനിലേക്ക് വിഴിഞ്ഞത്ത് നിന്ന് ആദ്യ കയറ്റുമതി

തിരുവനന്തപുരം: കേരളത്തിന്റെ പ്രിയ ഭക്ഷ്യോത്പന്നങ്ങളുമായി വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യകയറ്റുമതി കണ്ടെയ്നർ സ്പെയിനിലെ വലൻസിയയിലേക്ക്. തിരുവനന്തപുരത്തെ കിൻഫ്രയിലും ശാസ്തമംഗലത്തും പ്രവർത്തിക്കുന്ന നിലമേൽ എക്സ്പോർട്ട്സ് കമ്പനിയുടെ ഡ്രൈ-കണ്ടെയ്നറാണ് എം.എസ്.സി മേരി-ലെസ്ലി കപ്പലിൽ കയറ്റി അയയ്ക്കുക. 18ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കയറ്റുമതി ഫ്ലാഗ്ഓഫ് ചെയ്യും. മുന്ദ്രയിൽനിന്ന് 28ന് പുലർച്ചെയെത്തുന്ന കപ്പൽ 29നാവും പുറപ്പെടുക. തൂത്തുക്കുടി, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള കണ്ടെയ്നറുകളും തിരുവനന്തപുരത്തെ മൂന്ന് സ്ഥാപനങ്ങളുടെ നാല് കണ്ടെയ്നറുകളും കയറ്റുമതിക്കായി ബുക്ക് ചെയ്തിട്ടുണ്ട്.
കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങൾ വഴി നടത്തിയിരുന്ന കയറ്റുമതിയാണ് വിഴിഞ്ഞം വഴിയാവുന്നത്. വിഴിഞ്ഞത്ത് നിന്ന് സ്പെയിനിലേക്ക് 28ദിവസം മതിയാവും. കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളിലൂടെ കൊളംബോ, ദുബായ് വഴി സ്പെയിനിലെത്തിക്കാൻ 60ദിവസം വരെയെടുക്കും. മദർഷിപ്പിൽ നേരിട്ട് കയറ്റുമതി ചെയ്യാമെന്നതാണ് വിഴിഞ്ഞത്തിന് മേന്മയായത്. നേരിട്ട് സ്പെയിനിലേക്കാണ് വിഴിഞ്ഞത്തുനിന്ന് കപ്പൽപോവുക.
വിഴിഞ്ഞത്തുനിന്നുള്ള കയറ്റുമതിക്ക് എം.എസ്.സി കപ്പൽകമ്പനി 2സർവീസുകൾ പ്രഖ്യാപിച്ചു. പോർച്ചുഗൽ, സ്പെയിനിലെ വലൻസിയ,ബാഴ്സലോണ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള ഹിമാലയ എക്സ്പ്രസ്, സൗത്ത്-വെസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളായ കൊയിഗ, അബിഡ്ജാൻ, ടെമ, ലോമെ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യ-ആഫ്രിക്ക സർവീസ് എന്നിവയാണവ.
കേരളസദ്യ പിന്നാലെ
1. ആദ്യകയറ്റുമതി കണ്ടെയ്നറിൽ ഏത്തക്കാചിപ്സ്, മിക്സ്ചർ, കപ്പചിപ്സ്, പുട്ടുപൊടി, ചക്കചിപ്സ്, മറയൂർശർക്കര എന്നിവയാണുള്ളത്.
2. ഒരുവർഷം സൂക്ഷിക്കാവുന്ന കേരള സദ്യ, മസാലദോശ, അവിയൽ, കറികൾ, ഇഡ്ഡലി, സാമ്പാർ എന്നിവ മൈനസ് 40ഡിഗ്രിയിൽ ശീതീകരിച്ച് പിന്നാലെ അയയ്ക്കുന്നുണ്ട്. നമ്മുടെ ഭക്ഷ്യവസ്തുക്കൾക്ക് അമേരിക്കയിലും യൂറോപ്പിലുമെല്ലാം പ്രിയമാണ്.
”തുറമുഖത്തിന്റെ ഗുണഫലം നാടിന് ലഭ്യമാവുകയാണ്. കണ്ടെയ്നർ ഫ്രൈറ്റ്സ്റ്റേഷനില്ലാത്തതിനാൽ തുറമുഖത്ത് കസ്റ്റംസ് ഏരിയ സജ്ജമാക്കി. ദേശീയപാതയിലേക്ക് റോഡും പൂർത്തിയാക്കി””
-വി.ഡി.സതീശൻ,
മുഖ്യമന്ത്രി


