AUTO

ലാൻഡ് റോവർ ഡിഫൻഡർ ഇനി വൻ വിലക്കുറവിൽ; 34 ലക്ഷം ലാഭിക്കാൻ അവസരം!

[

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ വിലയില്‍ വമ്പിച്ച ഇടിവ്! കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും ഇത് നൂറുശതമാനം സത്യമാണ്. പുണെയിലുള്ള പ്ലാന്റില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110-ന്റെ അസംബ്ലിങ് പ്രാദേശികമായി ആരംഭിച്ചതോടെയാണ് വാഹനപ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഈ വിലക്കുറവ് സാധ്യമായത്. സ്ലൊവാക്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സികെഡി (CKD) കിറ്റുകള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈ വാഹനങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത്. പ്രാദേശിക ഉല്‍പ്പാദനം തുടങ്ങിയതോടെ വിവിധ വകഭേദങ്ങളുടെ എക്‌സ് ഷോറൂം വിലയില്‍ 34 ലക്ഷം രൂപ വരെയാണ് കുറവുണ്ടായിരിക്കുന്നത്.

നേരത്തെ പൂര്‍ണമായും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിരുന്ന കാലത്ത് 1.52 കോടി രൂപ വിലയുണ്ടായിരുന്ന 3 ലീറ്റര്‍ ഡീസല്‍, 3 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എക്‌സ് ഡൈനാമിക് എച്ച്എസ്ഇ പതിപ്പുകളുടെ വില ഇപ്പോള്‍ 1.18 കോടി രൂപയായി ചുരുങ്ങി. കൂടാതെ, 2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പിന്റെ വില 14 ലക്ഷം രൂപ കുറഞ്ഞ് 99 ലക്ഷം രൂപയുമായി. 1.13 കോടി രൂപ വിലയുണ്ടായിരുന്ന ഈ മോഡലാണ് ഇപ്പോള്‍ ഏറ്റവും താങ്ങാനാവുന്ന നിരക്കില്‍ ലഭ്യമാകുന്നത്. വാഹനത്തിനായുള്ള ബുക്കിങ് ഓണ്‍ലൈനായും നേരിട്ടും ആരംഭിച്ചു കഴിഞ്ഞു. നവംബര്‍ 15 മുതല്‍ ബുക്ക് ചെയ്തവര്‍ക്ക് വാഹനങ്ങള്‍ കൈമാറിത്തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഡിഫന്‍ഡര്‍ 110 നിരയിലെ ഒക്റ്റ, 5 ലീറ്റര്‍ വി8 പതിപ്പുകളും 90, 130 ബോഡി സ്‌റ്റൈലുകളും പഴയതുപോലെ തന്നെ വിദേശത്തുനിന്നും പൂര്‍ണമായും ഇറക്കുമതി ചെയ്യുകയുള്ളൂ.

2.0 ലീറ്റര്‍ പെട്രോള്‍ വകഭേദത്തില്‍ 6.5 ലക്ഷം രൂപ വരെ വിലമതിക്കുന്ന പുതിയ ഫീച്ചറുകള്‍ ഇപ്പോള്‍ സ്റ്റാന്‍ഡേഡായി ലഭിക്കുന്നുണ്ട്. അഡാപ്റ്റീവ് ഓഫ്-റോഡ് ക്രൂസ് കണ്‍ട്രോള്‍, അഡാപ്റ്റീവ് ഡൈനാമിക്‌സോട് കൂടിയ എയര്‍ സസ്‌പെന്‍ഷന്‍, എയര്‍ പ്യൂരിഫയര്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് ഇതിലെ പ്രധാന പ്രത്യേകതകള്‍. കൂടാതെ ഹെഡ്‌ലൈറ്റ് വാഷര്‍, സ്‌പെയര്‍ വീല്‍ ലോക്ക്, ബോഡി കളര്‍ സ്‌പെയര്‍ വീല്‍ കവര്‍, മൂന്നാം നിര സീറ്റുകള്‍ (മാനുവല്‍), മുന്‍നിരയില്‍ സെന്റര്‍ കണ്‍സോള്‍ റഫ്രിജറേറ്റര്‍, 14 രീതിയില്‍ ക്രമീകരിക്കാവുന്ന ഹീറ്റിങ്/കൂളിങ് മെമ്മറി ഫങ്ഷനുള്ള മുന്‍നിര സീറ്റുകള്‍ എന്നിവയും ഈ മോഡലില്‍ ലഭ്യമാണ്.

3.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ 17 ലക്ഷം രൂപയോളം വിലമതിക്കുന്ന അത്യാധുനിക സൗകര്യങ്ങളാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20 ഇഞ്ച് വീലുകള്‍, ഇല്യുമിനേറ്റഡ് മെറ്റല്‍ ട്രെഡ്‌പ്ലേറ്റ്, ടോര്‍ക്ക് വെക്ടറിങ്ങോട് കൂടിയ ഇലക്ട്രോണിക് ആക്ടീവ് ഡിഫറന്‍ഷ്യല്‍, നാലു രീതിയില്‍ ക്രമീകരിക്കാവുന്ന വിങ്ഡ് ഹെഡ്‌റെസ്റ്റുകള്‍, രണ്ടാം നിര സീറ്റുകള്‍ക്കായി മാനുവല്‍ സ്ലൈഡ് ആന്‍ഡ് റിക്ലൈന്‍ ഫങ്ഷന്‍, മൂന്നാം നിരയില്‍ ഹീറ്റഡ് സീറ്റുകള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഇതോടൊപ്പം, പ്രീമിയം ലുക്ക് നല്‍കുന്ന സ്വീഡ് ഹെഡ്‌ലൈനര്‍, റിയര്‍ കൂളിങ് സൗകര്യമുള്ള ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മെറിഡിയന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്‌പ്ലേ തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങളും ഈ വാഹനത്തിലുണ്ട്.

Sports ⏭️

Back to top button