SPORTS

രഞ്ജി ട്രോഫി: ബംഗാളിന് മുന്നിൽ കേരളം തകർന്നു, പ്രദീപ്ത പ്രമാണിയുടെ സ്പിൻ വിസ്‌മയത്തിൽ വൻ തോൽവി

തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെതിരെ കേരളത്തിന് കനത്ത പരാജയം. 287 റൺസിന്റെ വലിയ വ്യത്യാസത്തിലാണ് കേരളം ബംഗാളിനു മുൻപിൽ അടിയറവ് പറഞ്ഞത്. 408 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളം വെറും 120 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ആറു വിക്കറ്റുകൾ സ്വന്തമാക്കിയ പ്രദീപ്ത പ്രമാണിക്കാണ് കേരളത്തിന്റെ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. മുഹമ്മദ് ഷമി, ഷഹബാസ് അഹമ്മദ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും പങ്കിട്ടു. സ്കോർ: ബംഗാൾ– 350 & 198, കേരളം– 141 & 120.

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന്, 4 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ് കേരളം ബാറ്റിങ് പുനരാരംഭിച്ചത്. എന്നാൽ 67 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിച്ച ആറു വിക്കറ്റുകളും കേരളത്തിന് നഷ്ടമായി. വാലറ്റത്ത് മികച്ച ചെറുത്തുനിൽപ്പ് നടത്തിയ എം.ഡി. നിധീഷ് (33 റൺസ്) നേടിയ റൺസാണ് കേരളത്തിന്റെ സ്കോർ 100 കടത്തിയത്. മുഹമ്മദ് അസ്ഹുറദ്ദീൻ 26 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന്റെ ഓപ്പണർമാരായ അഭിഷേക് ജെ. നായരും (0) അഭിഷേക് പി. നായരും (0) തുടർച്ചയായ പന്തുകളിൽ തന്നെ പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി. പിന്നീട് ക്രീസിലെത്തിയ ജലജ് സക്സേന (18), സച്ചിൻ ബേബി (10) എന്നിവരും കൂടി മടങ്ങിയതോടെ കേരളത്തിന്റെ വിജയപ്രതീക്ഷകൾ പൂർണ്ണമായും അവസാനിക്കുകയായിരുന്നു.

Auto ⏭️

Back to top button