വൈഷ്ണവിയുടെ തകർപ്പൻ അഞ്ചു വിക്കറ്റ് നേട്ടം, ഷെഫാലിയുടെ മിന്നൽ ഫിഫ്റ്റി; ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യയുടെ വിജയാഘോഷം

വഡോദര ∙ സിംബാബ്വെയ്ക്കെതിരായ വനിതാ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. പരമ്പരയിലെ മൂന്നാം മത്സരത്തിൽ എട്ടു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ പരമ്പര തൂത്തൂവാരി. സിംബാബ്വെ വെല്ലുവിളിയായി ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം വെറും 17 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസം മറികടന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയെ ഇന്ത്യൻ ബോളർമാർ വിറപ്പിച്ചു. അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മിന്നുന്ന പ്രകടനം കാഴ്ചവെച്ച വൈഷ്ണവി ശർമയാണ് സന്ദർശകരുടെ നടുവൊടിച്ചത്. ഇതിനെത്തുടർന്ന് 39.5 ഓവറിൽ സിംബാബ്വെ വെറും 132 റൺസിന് ഓൾഔട്ടായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ യാസ്തിക ഭാട്യ ഗോൾഡൻ ഡക്കായി പുറത്തായി. എന്നാൽ, പിന്നീട് ക്രീസിലൊന്നിച്ച പ്രതിക റാവലും ഷെഫാലി വർമയും കളം നിറഞ്ഞതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. 56 പന്തുകളിൽ നിന്ന് 59 റൺസ് നേടിയ പ്രതികയും 26 പന്തുകളിൽ നിന്ന് 51 റൺസ് അടിച്ചുകൂട്ടിയ ഷെഫാലിയും ചേർന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ഹർലീൻ ഡിയോൾ 19 റൺസെടുത്തു പുറത്തായി.
ഈ പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിക റാവലാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്. ഒരു സെഞ്ചറിയും രണ്ട് അർധസെഞ്ചറികളുമാണ് താരം പരമ്പരയിൽ അടിച്ചുകൂട്ടിയത്.




