സ്കൂൾ കായിക മേളയിലെ പുഴുവിവാദം: അധ്യാപകൻ അറസ്റ്റിൽ; സസ്പെൻഷനും പുറകെ

കോഴിക്കോട്∙ സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിലെ സാമ്പാറിൽ പുഴുവിനെ കണ്ടെത്തിയെന്നാരോപിച്ച് ദൃശ്യങ്ങൾ പകർത്തിയ കായിക അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം വെസ്റ്റ് വെങ്ങോല സ്വദേശിയായ ജിജോ ജയിംസ് (35) ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത വിവരം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു.
ജിജോ വിഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സംഘാടകർ ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. തർക്കം കയ്യാങ്കളിയിൽ കലാശിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്ത് കുന്ദമംഗലം സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അതേസമയം, അധ്യാപകന്റെ ആരോപണത്തിനെതിരെ പാചകക്കാരൻ പഴയിടം മോഹനൻ നമ്പൂതിരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. തിളച്ചുകൊണ്ടിരിക്കുന്ന സാമ്പാറിൽ നിന്ന് ജീവനുള്ള പുഴുവിനെ എങ്ങനെയാണ് ലഭിക്കുകയെന്നും, ഇത്തരമൊരു ആരോപണം അവിശ്വസനീയമാണെന്നും പഴയിടം ചോദിച്ചു.




