SPORTS

വൈഷ്ണവിയുടെ അഞ്ചുവിക്കറ്റ് പ്രകടനം, ഷെഫാലിയുടെ തകർപ്പൻ അർധസെഞ്ചുറി; ഏകദിന പരമ്പരയിൽ ഇന്ത്യക്ക് സമ്പൂർണ ആധിപത്യം

വഡോദര ∙ സിംബാബ്‌വെക്കെതിരായ ഏകദിന വനിതാ ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. പരമ്പരയിലെ അവസാന മത്സരത്തിൽ എട്ടു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരി. സിംബാബ്‌വെ കുറിച്ച 132 റൺസ് എന്ന വിജയലക്ഷ്യം വെറും 17 ഓവറുകളിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസം മറികടന്നു.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെ നിരയെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ വൈഷ്‌ണവി ശർമയുടെ ബോളിംഗ് പ്രകടനം തകർത്തു കളഞ്ഞു. ഇതോടെ 39.5 ഓവറിൽ സിംബാബ്‌വെ ഓൾഔട്ടാവുകയും ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തിരിച്ചടിയേറ്റു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ യാസ്തിക ഭാട്യ (0) ഗോൾഡൻ ഡക്കായി പുറത്തായി. എന്നാൽ, പിന്നീട് ക്രീസിലൊന്നിച്ച പ്രതിക റാവലും (56 പന്തിൽ 59) ഷെഫാലി വർമയും (26 പന്തിൽ 51) ചേർന്ന് അർധസെഞ്ചറികളുമായി ടീമിനെ അനായാസം വിജയതീരത്തെത്തിക്കുകയായിരുന്നു. ഹർലീൻ ഡിയോൾ 19 റൺസെടുത്തു.

പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത പ്രതിക റാവലാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്. ഒരു സെഞ്ചറിയും രണ്ട് അർധസെഞ്ചറികളുമാണ് താരം പരമ്പരയിൽ സ്വന്തമാക്കിയത്.

Auto ⏭️

Back to top button