കോവളം സ്പാ പീഡനം: സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയായ ഇടനിലക്കാരി പിടിയിൽ

തിരുവനന്തപുരം∙ കോവളത്തെ സ്പാ കേന്ദ്രീകരിച്ചു നടന്ന പീഡനക്കേസില്‍, അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റിലെ കണ്ണിയായ ബെംഗളൂരു സ്വദേശിനി വാണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ പിടിയിലായ പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ബെംഗളൂരുവിലെത്തിയാണ് യുവതിയെ പിടികൂടി തലസ്ഥാനത്ത് എത്തിച്ചത്. പെണ്‍കുട്ടിയെ കോവളത്തെ സ്പാ ഉടമകള്‍ക്ക് കൈമാറുന്നതില്‍ പ്രധാന ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് വാണിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടി ബെംഗളൂരുവില്‍ തന്റെ ഇളയമ്മയ്‌ക്കൊപ്പമായിരുന്നു കുറേക്കാലമായി താമസം. ഈ കാലയളവിലാണ് ഇളയമ്മ വഴി പെണ്‍കുട്ടി വാണി ഉള്‍പ്പെടുന്ന സംഘവുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന്, പണത്തിന്റെ സ്വാധീനത്താല്‍ പെണ്‍കുട്ടിയെ ചെന്നൈയിലെ ഒരു സ്പായിലേക്ക് ജോലിക്ക് അയച്ചു. രണ്ട് മാസത്തോളം അവിടെ ജോലി ചെയ്ത ശേഷം തിരികെ ബെംഗളൂരുവിലെത്തിയ പെണ്‍കുട്ടിയെ, പിന്നീട് കുറ്റവാളി സംഘം ഇടപെട്ട് കോവളത്തെ സ്പായിലേക്ക് എത്തിക്കുകയായിരുന്നു.




