BUSINESS

വിഴിഞ്ഞം ഇന്ത്യയുടെ അഭിമാനമാകും; സമരപ്രചാരണങ്ങൾ അടിസ്ഥാനരഹിതം: ടി.എസ്. കല്യാണരാമൻ

കൊച്ചി: കേരളത്തെ ഒരു പ്രമുഖ വാണിജ്യ കേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാൻ ആവശ്യമായ എല്ലാവിധ പശ്ചാത്തല സൗകര്യങ്ങളും അനുകൂലമായ സാഹചര്യങ്ങളും ഇവിടെയുണ്ടെന്ന് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ അഭിപ്രായപ്പെട്ടു. മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കേവലം ഉപഭോക്തൃ സംസ്ഥാനമാണെന്നും പ്രവാസികളുടെ നാടാണെന്നുമുള്ള പഴകിയ കാഴ്ചപ്പാടുകൾ മാറ്റിനിർത്തി, സംസ്ഥാനത്ത് നിലനിൽക്കുന്ന തൊഴിൽ-വ്യവസായ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സംരംഭകർ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഭരണകൂടങ്ങൾ മാറിവന്നാലും വ്യവസായ സംരംഭങ്ങൾക്കായി കിൻഫ്ര പോലുള്ള ഇടങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യവസായങ്ങൾക്കായി കേന്ദ്ര സർക്കാർ ആയിരം മുതൽ പതിനയ്യായിരം ഏക്കർ വരെ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന വാർത്തകൾ ശുഭസൂചകമാണ്. എന്നാൽ, കേരളത്തിൽ സമരം പതിവാണെന്ന തെറ്റിദ്ധാരണ പലരെയും നിക്ഷേപങ്ങളിൽ നിന്നും പിന്നോട്ട് വലിക്കുന്നുണ്ട്. അർഹമായ വേതനവും ആനുകൂല്യങ്ങളും കൃത്യമായി നൽകിയാൽ തൊഴിലാളികൾ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും, അങ്ങനെയുള്ള സ്ഥാപനങ്ങളിൽ യാതൊരുവിധ സമരങ്ങളുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ബാങ്കുകളും വായ്പ നൽകാൻ സന്നദ്ധമാണെങ്കിലും, സംരംഭങ്ങൾ സുരക്ഷിതമാക്കാൻ സ്വന്തം നിലയ്ക്ക് ഇരുപത്തിയഞ്ച് മുതൽ മുപ്പത് ശതമാനം വരെ മൂലധനം കരുതണമെന്ന തിരിച്ചറിവ് വ്യവസായികൾക്ക് വേണം. സത്യസന്ധമായും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാതെയും പ്രവർത്തിച്ചാൽ ബിസിനസിൽ വലിയ വിറ്റുവരവും ലാഭവും നേടാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിർമിത ബുദ്ധിയുടെ (AI) ഈ കാലഘട്ടത്തിൽ ഡിജിറ്റൽ മാർക്കറ്റിങ്, ഓൺലൈൻ എഡ്യൂക്കേഷൻ തുടങ്ങിയ ഐടി അധിഷ്ഠിത സേവനങ്ങൾ ചെറിയ ഓഫീസിലിരുന്ന് പോലും ആഗോളതലത്തിൽ എത്തിക്കാൻ സാധിക്കും. സോളാർ പ്ലാന്റുകൾ, ഇവി ചാർജിങ് സ്റ്റേഷനുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രവർത്തനത്തിനും വലിയ അവസരങ്ങളാണുള്ളത്. വെൽനസ് സെന്ററുകളും ആയുർവേദ ഉൽപന്ന നിർമ്മാണ യൂണിറ്റുകളും വഴി ടൂറിസം മേഖലയെ കൂടുതൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്താം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം മാറുന്നതോടെ വെയർഹൗസിങ്, ഗതാഗതം, കയറ്റുമതി-ഇറക്കുമതി തുടങ്ങിയ മേഖലകളിൽ വമ്പിച്ച തൊഴിൽ അവസരങ്ങളും വ്യവസായ വളർച്ചയും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് സിഇഒ മനോജ് രവി, ഹോംസ് ഇക്വിറ്റീസ് എം.ഡി ഷെറിൻ ഡേവിസ്, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്. രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.

Travel ⏭️

Back to top button