സ്കൂൾ കായികമേളയിലെ പുഴുവിവാദം: അധ്യാപകൻ അറസ്റ്റിൽ, സസ്പെൻഷനും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിലെ സാമ്പാറിൽ പുഴുവിനെ കണ്ടെത്തിയെന്നാരോപിച്ച് ദൃശ്യങ്ങൾ പകർത്തിയ കായിക അധ്യാപകൻ അറസ്റ്റിലായി. എറണാകുളം വെസ്റ്റ് വെങ്ങോല സ്വദേശി ജിജോ ജയിംസിനെയാണ് (35) പോലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിഷയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു.
ജിജോ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെ സംഘാടകർ ഇടപെടുകയും അത് തർക്കത്തിലേക്ക് നയിക്കുകയുമായിരുന്നു. തർക്കം പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചതോടെ പോലീസ് സ്ഥലത്തെത്തി അധ്യാപകനെ കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അതേസമയം, അധ്യാപകന്റെ ആരോപണങ്ങൾക്കെതിരെ പാചകക്കാരനായ പഴയിടം മോഹനൻ നമ്പൂതിരി രംഗത്തുവന്നു. തിളച്ചുകൊണ്ടിരിക്കുന്ന സാമ്പാറിൽ നിന്നും ജീവനുള്ള പുഴുവിനെ എങ്ങനെയാണ് അധ്യാപകൻ കണ്ടെത്തിയതെന്ന് അദ്ദേഹം ചോദിച്ചു. ഇത് അവിശ്വസനീയമാണെന്നും സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.




