പ്രതിപക്ഷത്താവുമ്പോൾ വാഗ്ദാനപ്പെരുമഴ, അധികാരത്തിലെത്തിയാലോ കൈമലർത്തൽ; ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനം

പിഎസ്സി എൽപി സ്കൂൾ അധ്യാപക നിയമനപ്പട്ടികയിൽ നിന്നുള്ള നിയമനം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച്, തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ തല മുണ്ഡനം ചെയ്തുകൊണ്ട് വേറിട്ട പ്രതിഷേധം നടത്തിയ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. വളർമതി (പാലക്കാട് എലപ്പുള്ളി, വേങ്ങോടി) പ്രതികരിക്കുന്നു.
ചോദ്യം: നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്യുന്നതുപോലെയുള്ള കടുത്ത സമരമുറകളിലേക്ക് കടന്നത് എന്തുകൊണ്ടാണ്? പുതിയ സർക്കാരിന് പ്രവർത്തിക്കാൻ കുറച്ചുകൂടി സാവകാശം നൽകാമായിരുന്നില്ലേ?
ഉത്തരം: പ്രതിപക്ഷത്തിരുന്നപ്പോൾ വാരിക്കോരി വാഗ്ദാനങ്ങൾ നൽകുകയും, അധികാരത്തിൽ എത്തിയപ്പോൾ ഒന്നുമറിയില്ലെന്ന ഭാവത്തിൽ ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് തികഞ്ഞ അനീതിയാണ്. ഞങ്ങളുടെ ദുരിതങ്ങളും ആവശ്യങ്ങളും മുഖ്യമന്ത്രിയക്കും മറ്റ് മന്ത്രിമാർക്കും കൃത്യമായി അറിയാം. എന്നിട്ടും സർക്കാർ പുലർത്തുന്ന മൗനം വേദനിപ്പിക്കുന്നു.
ചോദ്യം: ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരമായി സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത്?
ഉത്തരം: വളരെ വ്യക്തമായൊരു നിർദ്ദേശം ഞങ്ങൾ സർക്കാരിന് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. അധ്യാപക-വിദ്യാർഥി അനുപാതം 1:25 എന്ന നിലയിലേക്ക് പുനഃക്രമീകരിക്കുക എന്നതാണ് അത്. ഈ അനുപാതം പരിഷ്കരിച്ചില്ലെങ്കിൽ ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയവർക്ക് പോലും നിയമനം ലഭിക്കില്ല. അധികാരത്തിൽ എത്തുന്നതിന് മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കാൻ സർക്കാർ തയ്യാറാകണം.




