NEWS
വിരട്ടേണ്ട; ബന്ധത്തെ ബാധിക്കുമെന്ന് യുഎസിന് ഇന്ത്യയുടെ മുന്നറിയിപ്പ്, 140 കോടി ജനങ്ങളാണ് വലുത്; റഷ്യൻ എണ്ണ വാങ്ങുന്നതു തുടരും

ന്യൂഡൽഹി ∙ റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമുൾപ്പെടെ 5 രാജ്യങ്ങൾക്ക് 100% വരെ അധികത്തീരുവ ചുമത്താനുള്ള ബിൽ യുഎസ് കോൺഗ്രസും പാസാക്കിയതോടെ മുന്നറിയിപ്പുമായി ഇന്ത്യ. തീരുവ നീക്കം ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പു നൽകി. 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. വിപണിസാഹചര്യം മാറുന്നതനുസരിച്ച് വിവിധ സ്രോതസ്സുകളെ ആശ്രയിച്ച് ഈ ലക്ഷ്യം നടപ്പാക്കുന്നതു തുടരും. റഷ്യൻ ഇറക്കുമതി സൂചിപ്പിച്ചുകൊണ്ടാണു വിദേശകാര്യമന്ത്രാലയം ഇതു വ്യക്തമാക്കിയത്. യുഎസ് പ്രതിനിധികളുമായി നടത്തിയ ഉന്നതതല ചർച്ചകളിലും ഇന്ത്യ ഇക്കാര്യം അറിയിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യത്തെ വ്യാപാര–വ്യവസായ സംഘടനകളുമായി ചേർന്നു സർക്കാർ പ്രവർത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമാകും. യുക്രെയ്നിനെതിരെ യുദ്ധം തുടരാൻ റഷ്യയ്ക്കു കരുത്തു നൽകുന്ന സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ റഷ്യൻ ഊർജമേഖലയ്ക്കെതിരെ വ്യാപക ഉപരോധങ്ങൾ നിർദേശിക്കുന്ന ബില്ലാണ് യുഎസ് ജനപ്രതിനിധി സഭ (262-159) അംഗീകരിച്ചത്. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിലെ 58 അംഗങ്ങളും ബില്ലിനെ അനുകൂലിച്ചപ്പോൾ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ 7 പേർ എതിർത്തു. കഴിഞ്ഞ മാസം യുഎസ് സെനറ്റ് വൻഭൂരിപക്ഷത്തോടെ (86–11) ബിൽ പാസാക്കിയിരുന്നു. റഷ്യൻ ഇന്ധനവ്യാപാരവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ബാങ്കുകൾ, എണ്ണക്കപ്പലുകൾ എന്നിവയ്ക്കെതിരെയാണ് ഉപരോധം. റഷ്യൻ അസംസ്കൃത എണ്ണയോ പ്രകൃതിവാതകമോ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, തുർക്കി, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങൾക്കെതിരെ 100% വരെ തീരുവ ചുമത്തണമെന്നു ബിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടു നിർദേശിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളുടെ ഒരുവർഷം നീണ്ട സമ്മർദങ്ങൾക്കൊടുവിലാണു റഷ്യാവിരുദ്ധ ഉപരോധങ്ങൾക്കു ട്രംപ് അനുമതി നൽകിയത്. ഇറാനെതിരായ ഉപരോധം 5 വർഷം കൂടി നീട്ടുമെന്ന വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയതിനെ തുടർന്നായിരുന്നു സമ്മതംമൂളൽ. ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ടാണു ബില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി പറയുമ്പോൾ, യൂറോപ്യൻ യൂണിയനിലെ സഖ്യരാജ്യങ്ങൾക്കെതിരെയാവും ട്രംപ് ഈ നിയമം പ്രയോഗിക്കുക എന്നു ഡെമോക്രാറ്റുകൾ വിമർശിക്കുന്നു. ഉയർന്ന തീരുവ യുഎസ് വിപണിയിലെ വിലക്കയറ്റത്തിൽ കലാശിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Fashion ⏭️


