ഇന്ത്യയ്ക്കെതിരെ സെഞ്ചറിയും വിജയവും: പാക്കിസ്ഥാൻ താരത്തിന്റെ പ്രകടനവും കുറിപ്പും വൈറൽ

അൽ അമിറാത്ത് (ഒമാൻ)∙ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റുകൾക്ക് തകർത്ത് പാക്കിസ്ഥാൻ വിജയക്കൊടി നാട്ടി. റൺസ് കണ്ടെത്താൻ പ്രയാസമേറിയ പിച്ചിൽ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും 208 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ അർജുൻ രാജ്പുത്തിന്റെ (107) തകർപ്പൻ സെഞ്ചറിയാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ തുടക്കത്തിൽ തന്നെ പതറിയെങ്കിലും, പുറത്താകാതെ സെഞ്ചറി തികച്ച ഹംസ സഹൂറിന്റെ (100 നോട്ടൗട്ട്) തകർപ്പൻ പ്രകടനമാണ് ടീമിനെ വിജയതീരത്തെത്തിച്ചത്. മത്സരത്തിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും ഹംസയാണ്. 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാൻ 61 റൺസിന് 5 വിക്കറ്റുകൾ നഷ്ടമായി തകർന്നടിഞ്ഞപ്പോൾ, ഇന്ത്യ അനായാസ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ ഹംസയും ഹസ്നൈൻ അബ്ബാസ് ദറും (38) ഒത്തുചേർന്നതോടെ കളി മാറിമറിഞ്ഞു. ഇന്ത്യൻ ബൗളർമാരുടെ പ്രതീക്ഷകൾ തകർത്ത് ഇരുവരും ശ്രദ്ധയോടെ ക്രീസിൽ നിലയുറപ്പിച്ചു.
അബ്ബാസ് വിക്കറ്റ് കാത്തുസൂക്ഷിച്ചപ്പോൾ സ്കോറിംഗിന്റെ ഉത്തരവാദിത്തം ഹംസ ഏറ്റെടുത്തു. തുടർന്ന് എട്ടാം വിക്കറ്റിൽ നിക്വബ് ഷഫീക്കിനൊപ്പം (2 നോട്ടൗട്ട്) നിർണായകമായ 26 റൺസ് കൂടി കൂട്ടിച്ചേർത്ത ഹംസ പാക്കിസ്ഥാന് അവിസ്മരണീയ വിജയം സമ്മാനിച്ചു. ഈ ജയത്തോടെ പാക്കിസ്ഥാന്റെ സെമിഫൈനൽ പ്രവേശനം ഏതാണ്ട് ഉറപ്പായി. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നാളെ ഇന്ത്യ യുഎഇയെ നേരിടും. സെമി ഫൈനലിൽ ഇടംപിടിക്കാൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയം അത്യന്താപേക്ഷിതമാണ്.




