
ശനിദോഷ പരിഹാരത്തിന് നെയ്യഭിഷേകവും ശനീശ്വര പൂജയും
കൊല്ലം : മണ്ഡലകാലത്തോടനുബന്ധിച്ച് പാൽകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിവിധ ശനിദോഷ പരിഹാരങ്ങൾക്കായി 41 ദിവസം നീളുന്ന വിശേഷാൽ നെയ്യഭിഷേകവും ശനീശ്വര പൂജയും നടത്തപ്പെടുന്നു.
കലിയുഗ വരദനായ ശ്രീധർമ്മശാസ്താവിന് മണ്ഡല ചിറപ്പിനോടനുബന്ധിച്ച് വൃശ്ചികം ഒന്നിന് (2026 നവംബർ 17) ആരംഭിച്ച് 41 ദിവസം നീളുന്ന പൂജാകർമങ്ങളാണ് നടക്കുന്നത്. കണ്ടകശനി, ഏഴരശനി, അഷ്ടമശനി, ശനിദശാകാലം, ശനിയുടെ അപഹാരകാലം തുടങ്ങിയ ശനിദോഷങ്ങളുടെ പരിഹാരാർഥം എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ വിശേഷാൽ നെയ്യഭിഷേകവും ശനീശ്വര പൂജയും മുഖചാർത്തും നടത്തും.
ഭക്തജനങ്ങൾക്ക് ദോഷ പരിഹാരത്തിനായി അവരവരുടെ ജന്മനക്ഷത്രങ്ങളിൽ ഭഗവാനു മുന്നിൽ വഴിപാടുകൾ സമർപ്പിക്കാവുന്നതാണ് .
മണ്ഡലകാല സമാപന ദിവസമായ ഡിസംബർ 27-ന് രാവിലെ ഏഴ് മണി മുതൽ ശ്രീധർമ്മശാസ്താവിന് 1008 നെയ്യ് വിളക്കും വൈകിട്ട് 6.30-ന് 1008 നാളികേരത്തിന്റെ നീരാഞ്ജനവും പ്രത്യേക ദീപക്കാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.
ചടങ്ങുകളിൽ പങ്കെടുത്ത് വഴിപാടുകൾ നടത്താൻ ഭക്തജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ക്ഷേത്രം പ്രസിഡന്റ് സജീവ് പിയുഷ്
സെക്രട്ടറി ഡി. അനീഷ് എന്നിവർ അറിയിച്ചു.




