ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷത്തിന്റെ സ്വർണം കവർന്നു: പ്രതികൾ പൂർവവിദ്യാർഥികൾ

പാമ്പാടി ∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ മൂന്നു യുവാക്കളെ പാമ്പാടി പൊലീസ് പിടികൂടി. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ ഏബ്രഹാം (19) എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
പ്രതികൾ മൂന്നുപേരും ഈ വിദ്യാർഥി പഠിക്കുന്ന അതേ സ്കൂളിലെ പൂർവവിദ്യാർഥികളാണ്. ട്യൂഷൻ പഠനത്തിന്റെ മറവിൽ വിദ്യാർഥിയുമായി അടുപ്പം സ്ഥാപിച്ച സംഘം, പിന്നീട് ഇയാളിൽ നിന്നും പല ഘട്ടങ്ങളിലായി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. പണം നൽകാൻ വിസമ്മതിച്ചാൽ വിദ്യാർഥിയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് ഇവർ ഭീഷണിപ്പെടുത്തി. ഈ ഭീഷണിയെത്തുടർന്നു ഭയന്നുപോയ കുട്ടി, വീട്ടിലുണ്ടായിരുന്ന അമ്മയുടെ സ്വർണാഭരണങ്ങൾ പലതവണകളായി പ്രതികൾക്ക് കൈമാറുകയായിരുന്നുവെന്നാണ് കേസ്.




