SPORTS
2018 പന്തുചുരണ്ടൽ വിവാദം: ടീമിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്ന് ഉസ്മാൻ ഖവാജയുടെ വെളിപ്പെടുത്തൽ

സിഡ്നി ∙ 2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പന്ത് ചുരണ്ടൽ വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ. ടീമിലെ എല്ലാ അംഗങ്ങൾക്കും ഈ സംഭവത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് തന്റെ ആത്മകഥയിലൂടെ അദ്ദേഹം തുറന്നു പറഞ്ഞു.
ഈ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതോടെ, സംഭവത്തിൽ വിശദീകരണവുമായി ഖവാജ തന്നെ നേരിട്ട് രംഗത്തെത്തി. ‘ആരെയും കുറ്റപ്പെടുത്താനോ പ്രതിക്കൂട്ടിലാക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല. ടീമിലെ എല്ലാവർക്കും അന്ന് നടന്ന കാര്യങ്ങൾ പൂർണ്ണമായി അറിയാമായിരുന്നു. എന്നിട്ടും മൂന്ന് താരങ്ങളെ മാത്രമാണ് ആ സംഭവത്തിൽ കുറ്റക്കാരായി കണ്ട് ശിക്ഷിച്ചത്’– സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിൽ ഖവാജ വ്യക്തമാക്കുന്നു.




