NEWS

സ്പെയിനിലേക്ക് കുടിയേറ്റ പ്രവാഹം; പ്രതിസന്ധി രൂക്ഷമാകവേ അടിയന്തര നടപടികളുമായി ഭരണകൂടം

മാഡ്രിഡ്∙ ആഫ്രിക്കൻ തീരത്തോട് ചേർന്നുനിൽക്കുന്ന സ്പെയിനിന്റെ അധീനതയിലുള്ള കാനറി ദ്വീപുകളിലേക്ക് കുടിയേറ്റക്കാരുടെ ഒഴുക്ക് ക്രമാതീതമായി വർധിച്ചതോടെ, അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രാദേശിക ഭരണകൂടം രംഗത്തെത്തി. സ്വന്തമായി ഭരണസംവിധാനവും പ്രസിഡന്റും ഉണ്ടെങ്കിലും, സുപ്രധാനമായ വിഷയങ്ങളിലെ തീരുമാനങ്ങളെടുക്കാനുള്ള അധികാരം സ്പാനിഷ് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. നിലവിലെ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ, വിഷയം ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച മന്ത്രിതല കമ്മിഷന്റെ അടിയന്തര യോഗം വിളിക്കാൻ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തയ്യാറായെന്ന് കാനറി ദ്വീപ് പ്രസിഡന്റ് ഫെർണാണ്ടോ ക്ലവിജോ വ്യക്തമാക്കി.

കാനറി ദ്വീപ് പ്രസിഡന്റ് സമൂഹമാധ്യമങ്ങളിലൂടെ നൽകിയ പ്രതികരണം ഇങ്ങനെ: “സ്പാനിഷ് സർക്കാരും ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഒത്തുചേർന്ന് വ്യക്തമായ സമയപരിധിയോടെയുള്ള കർമ്മപദ്ധതിക്ക് ഈ യോഗത്തിൽ രൂപം നൽകണം. പ്രശ്നങ്ങൾ കൈവിട്ടുപോയതിനുശേഷം മാത്രം പ്രതികരിക്കുന്ന പതിവ് രീതി ഇനിമുതൽ അംഗീകരിക്കാനാവില്ല.”

Fashion ⏭️

Back to top button