CINEMA

ഗ്രീസിൽ അനിരുദ്ധ്-കാവ്യ വിവാഹം: രജനികാന്ത് ഉൾപ്പെടെയുള്ള അതിഥികൾക്കായി നാല് സ്വകാര്യ വിമാനങ്ങൾ


അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും, രജനീകാന്ത്,​ എംകെ സ്റ്റാലിൻ

സംഗീത ലോകത്തെ വിസ്മയമായ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അമരക്കാരിയായ കാവ്യ മാരനും തമ്മിലുള്ള വിവാഹം സിനിമാ-കായിക ലോകത്ത് വലിയ ചർച്ചയാകുന്നു. വിവാഹത്തിൽ പങ്കുചേരുന്നതിനായി സൂപ്പർസ്റ്റാർ രജനികാന്തും കുടുംബാംഗങ്ങളും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഭാര്യ ദുർഗ സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ എന്നിവരും ഗ്രീസിലേക്ക് യാത്ര തിരിച്ചതായാണ് വിവരം.

കല, രാഷ്ട്രീയം, ബിസിനസ് എന്നീ മണ്ഡലങ്ങളിലെ പ്രമുഖർ സാക്ഷ്യം വഹിക്കുന്ന വിവാഹം ഗ്രീസിൽ വെച്ചാണ് നടക്കുന്നത്. വലിയൊരു താരനിരയുടെ സാന്നിധ്യം ഉറപ്പായതോടെ ആരാധകർക്കിടയിൽ വിവാഹത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പം മകൾ ഐശ്വര്യ രജനികാന്തും യാത്രയിൽ പങ്കുചേരുന്നുണ്ട്. എയർപോർട്ടിൽ വെച്ച് രജനികാന്തിനെയും സ്റ്റാലിനെയും ഉദയനിധിയെയും കണ്ടുമുട്ടിയതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.

വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ഉൾപ്പെടുത്തി വളരെ സ്വകാര്യമായാണ് ഗ്രീസിലെ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. വിവാഹത്തിനെത്തുന്ന അതിഥികൾക്കായി നാല് പ്രത്യേക സ്വകാര്യ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സൺ ഗ്രൂപ്പ് തലവൻ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. ഗ്രീസിലെ ചടങ്ങുകൾക്ക് ശേഷം നവംബർ 21-ന് ചെന്നൈയിൽ വെച്ച് വിപുലമായ വിവാഹ സൽക്കാരം നടക്കും. ചെന്നൈയിലെ വിരുന്നിൽ വിജയ്, നയൻതാര, ധനുഷ് തുടങ്ങിയ മുൻനിര താരങ്ങൾ അടക്കമുള്ളവർ അതിഥികളായി എത്തുമെന്നാണ് സൂചന.

Business ⏭️

Back to top button