വീട്ടിലെ എലികളെ തുരത്താൻ ചണനൂൽ മാത്രം മതി: എളുപ്പവഴി ഇതാ

പ്രതീകാത്മക ചിത്രം
വീട്ടിലെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അടക്കം കരണ്ടുനശിപ്പിച്ച് വലിയ തലവേദന സൃഷ്ടിക്കുന്നവയാണ് എലികൾ. ഇവയുടെ ശല്യം നിയന്ത്രിക്കാൻ പലരും കടകളിൽ നിന്ന് വിഷമരുന്നുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം രാസവസ്തുക്കൾ വീട്ടിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. ഇതിന് പരിഹാരമായി, കയ്യിലുള്ള ചണച്ചാക്ക് നൂൽ ഉപയോഗിച്ച് വളരെ എളുപ്പത്തിലും ചെലവുകുറഞ്ഞ രീതിയിലും എലികളെ തുരത്താം. ഈ വിദ്യ എങ്ങനെ ചെയ്യാമെന്ന് താഴെ വിവരിക്കുന്നു.
സാധാരണയായി പലചരക്ക് കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കാറുള്ള ചണനൂലുകളാണ് ഇതിനായി ആവശ്യം. ഏകദേശം പത്തെണ്ണം ഇതിനായി കരുതാം. ആദ്യം ഈ നൂലുകളെ ചെറിയ നാരുകളായി വേർപെടുത്തി വളരെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
ഇനി ഒരു പാത്രത്തിലേക്ക് അണ്ടിപ്പരിപ്പോ കപ്പലണ്ടിയോ നന്നായി പൊടിച്ചെടുത്തത് ചേർക്കാം. ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് നേരത്തെ മുറിച്ചുവെച്ച ചണച്ചാക്കിന്റെ നൂലുകൾ ചേർക്കുക. ഈ മിശ്രിതം കുഴച്ചെടുക്കാൻ വെള്ളത്തിന് പകരം അല്പം ഉരുക്കിയ ശർക്കരപ്പാനി ഉപയോഗിക്കണം. ഒടുവിൽ ഒരു സ്പൂൺ ഗോതമ്പുപൊടി കൂടി ചേർത്ത്, ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന പരുവത്തിൽ നന്നായി കുഴച്ചെടുക്കുക.
തയ്യാറാക്കിയ ഈ മിശ്രിതം ചെറിയ ഉരുളകളാക്കി എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വെക്കുക. അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന് അടിയിലും, പലഹാരങ്ങൾ സൂക്ഷിക്കുന്ന ഭാഗത്തും, എലികൾ ഒളിച്ചിരിക്കുന്ന വിറകുപുരയിലുമെല്ലാം ഇത് വെക്കുന്നത് വളരെ ഫലപ്രദമാണ്. കപ്പലണ്ടിയുടെയും ശർക്കരയുടെയും മണം അറിഞ്ഞ് എലികൾ ഇത് തേടിവരികയും ഭക്ഷിക്കുകയും ചെയ്യും. ഈ മിശ്രിതം വയറ്റിലെത്തിയാൽ ബേക്കിംഗ് സോഡയും ചണനൂലും ചേർന്ന് എലികളുടെ ജീവൻ അപഹരിക്കും.




