HEALTH

മുടി കൊഴിച്ചിൽ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഈ ശീലങ്ങൾ മാറ്റാം

ഷാംപൂകൾ മാറ്റി പരീക്ഷിച്ചും, പതിവായി എണ്ണ തേച്ചും, ഹീറ്റ് സ്റ്റൈലിംഗ് ഉപകരണങ്ങൾ ഒഴിവാക്കിയും ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവർ നിരവധിയാണ്. എന്നാൽ മുടി കൊഴിയുന്നതിന്റെ യഥാർത്ഥ കാരണം നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിലാണെന്ന് പലപ്പോഴും ആരും ചിന്തിക്കാറില്ല. അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, വെള്ളത്തിന്റെ ഗുണനിലവാരം മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാറുണ്ട്. നിങ്ങൾ താമസസ്ഥലം മാറിയതിന് പിന്നാലെ മുടി കൊഴിച്ചിൽ വർധിക്കുകയും, മുടിയുടെ കട്ടി കുറയുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ, അത് ഹാർഡ് വാട്ടർ അഥവാ കഠിന ജലത്തിന്റെ ഉപയോഗം മൂലമാകാം.

കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അമിതമായി അടങ്ങിയ വെള്ളമാണ് ഹാർഡ് വാട്ടർ. ബോർവെല്ലുകളിലും ടാങ്കറുകളിലും ലഭിക്കുന്ന വെള്ളത്തിൽ ഇത്തരം ധാതുക്കളുടെ സാന്നിധ്യം വളരെ കൂടുതലായിരിക്കും. കാലക്രമേണ ഈ ധാതുക്കൾ മുടിയിഴകളിലെ ഈർപ്പം പൂർണ്ണമായും വലിച്ചെടുക്കുകയും, മുടിയുടെ വേരുകൾക്ക് ബലക്ഷയം സംഭവിപ്പിച്ച് കൊഴിച്ചിലിന് വഴിയൊരുക്കുകയും ചെയ്യുന്നു. റിവർസോഫ്റ്റിന്റെ ഫൗണ്ടറും സി.ഇ.ഒ-യുമായ അശുതോഷ് കേദാവത് പറയുന്നത് പ്രകാരം, മുടിയിഴകളെ വൃത്തിയായി സൂക്ഷിക്കുന്ന സോഫ്റ്റ് വാട്ടറിൽ നിന്ന് വ്യത്യസ്തമായി, ഹാർഡ് വാട്ടർ ഉപയോഗിക്കുമ്പോൾ ധാതുക്കളുടെ അംശം തലയോട്ടിയിലും മുടിയിലും അവശേഷിക്കുന്നു.

ഹാർഡ് വാട്ടർ മുടിക്ക് വരുത്തുന്ന കേടുപാടുകൾ തിരിച്ചറിയാം:

എണ്ണമയമുള്ള ഉൽപ്പന്നങ്ങളും കണ്ടീഷണറുകളും ഉപയോഗിച്ചിട്ടും മുടി പരുപരുത്തതും വൈക്കോൽ പോലെ വരണ്ടതുമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ജലത്തിന്റെ ദോഷഫലമാകാം. ധാതുക്കൾ അടിഞ്ഞുകൂടുന്നത് മൂലം മുടിയുടെ ഇലാസ്തികത നഷ്ടപ്പെടുകയും, ചീപ്പുപയോഗിക്കുമ്പോൾ മുടി എളുപ്പത്തിൽ പൊട്ടിപ്പോവുകയും അറ്റം പിളരുകയും ചെയ്യുന്നു. കൂടാതെ, പതിവായി മുടി കഴുകിയിട്ടും തലയോട്ടിയിൽ അസ്വസ്ഥതയും വരൾച്ചയും താരനും അനുഭവപ്പെടുന്നതും ഇതിന്റെ ലക്ഷണമാണ്. ഷാംപൂ ഉപയോഗിക്കുമ്പോൾ വേണ്ടത്ര പത ലഭിക്കാതിരിക്കുകയും, മുടി ഒട്ടിപ്പിടിച്ച അവസ്ഥയിൽ തിളക്കമില്ലാതെ ഭാരമായി അനുഭവപ്പെടുന്നതും ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരങ്ങൾ താൽക്കാലികം മാത്രം:

ക്ലാരിഫൈയിംഗ് ഷാംപൂകൾ ഉപയോഗിക്കുന്നത് മുടിയുടെ ഉപരിതലത്തിലെ അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കുമെങ്കിലും, തലയോട്ടിയിൽ അടിഞ്ഞുകൂടിയ ധാതുക്കളെ പൂർണ്ണമായി തുടച്ചുനീക്കാൻ അവയ്ക്ക് കഴിയില്ല. എണ്ണ തേക്കുന്നതും താൽക്കാലികമായ മൃദുത്വം നൽകിയേക്കാം. എന്നാൽ ഇതെല്ലാം പ്രശ്നത്തിന്റെ ലക്ഷണങ്ങളെ നേരിടുക മാത്രമാണ് ചെയ്യുന്നത്, യഥാർത്ഥ ഉറവിടത്തെ ഇല്ലാതാക്കുന്നില്ല.

മുടി സംരക്ഷണത്തിന് നൽകുന്ന അതേ പ്രാധാന്യം നാം ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും നൽകേണ്ടതുണ്ട്. പുതിയൊരു സ്ഥലത്തേക്ക് മാറിയ ശേഷം മുടിയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയാൽ, വെള്ളം പരിശോധിക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കും. എങ്കിലും, മുടികൊഴിച്ചിൽ വിട്ടുമാറാത്ത അവസ്ഥയിലാണെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിച്ച് ശാസ്ത്രീയമായ ചികിത്സ തേടുക. മുടി സംരക്ഷണത്തിന്റെ പ്രാഥമിക പടി നിങ്ങൾ ഉപയോഗിക്കുന്ന ജലത്തെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ്.

Life Style ⏭️

Back to top button