NEWS

മദ്യപിച്ച് ഒപ്പം താമസിച്ചാൽ ബലാത്സംഗമാകുമോ? മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ

കൊച്ചി: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഡോ. ജോൺസൺ വർഗീസ് കോടതിയിൽ ഹർജി സമർപ്പിച്ചു. ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ ജാമ്യം തേടി എറണാകുളം ജില്ലാ സെഷൻസ് കോടതിയെയാണ് അദ്ദേഹം സമീപിച്ചിരിക്കുന്നത്.

നടി അതുല്യ ചന്ദ്രയും സംഘവും തന്നെ മർദിച്ചെന്നാരോപിച്ച് ഡോ. ജോൺസൺ നേരത്തെ പരാതി നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നടിയുടെ ബന്ധു ഇൻഫോപാർക്ക് പോലീസിൽ പരാതിയുമായി എത്തിയത്. എന്നാൽ, താൻ നൽകിയ കേസിനെ ദുർബലപ്പെടുത്താൻ കരുതിക്കൂട്ടി കെട്ടിച്ചമച്ചതാണ് ഈ ബലാത്സംഗ ആരോപണമെന്നാണ് ഡോ. ജോൺസന്റെ വാദം.

ഒക്ടോബർ പത്തിന് ഇൻഫോപാർക്കിലെ ഒരു ഹോട്ടലിൽ വെച്ച് ജോൺസൺ തന്നെ പീഡിപ്പിച്ചു എന്നാണ് അൻപതുകാരിയായ സ്ത്രീയുടെ പരാതിയിലുള്ളത്. എന്നാൽ, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജാമ്യാപേക്ഷയിൽ അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ പത്തിന് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ നവംബർ നാലാം തീയതിക്ക് ശേഷമാണ് പരാതി നൽകിയിരിക്കുന്നത്. ഇത്രയും വലിയ കാലതാമസം പരാതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും, തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ മാസം രണ്ടിന് പരാതിക്കാരിയുടെ ബന്ധുവായ അതുല്യയുടെ നിർദേശപ്രകാരം കടവന്ത്രയിലെ ഫ്ലാറ്റിലെത്തിയ തന്നെ, പന്ത്രണ്ടംഗ സംഘം തടഞ്ഞുവെച്ച് മർദിക്കുകയും മൂന്ന് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അതുല്യ ഉൾപ്പെടെയുള്ള മൂന്നുപേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കടവന്ത്രയിലെ സംഭവത്തിന് പിന്നാലെയാണ് പ്രതികാരമെന്നോണം ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ ബലാത്സംഗ പരാതി ഫയൽ ചെയ്തതെന്നും ഡോ. ജോൺസൺ ആരോപിക്കുന്നു.

Fashion ⏭️

Back to top button