ദീപാവലി ആഘോഷത്തിനിടെ റോക്കറ്റ് നെഞ്ചിൽ തറച്ചു; പത്തുവയസ്സുകാരന് ദാരുണാന്ത്യം

ന്യൂഡൽഹി ∙ തലസ്ഥാന നഗരമായ ഡൽഹിയിലെ നരേലയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ ദാരുണമായ അപകടത്തിൽ പത്തുവയസ്സുകാരന് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി വീട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് നരേല സ്വദേശിയായ ഋഷി എന്ന ബാലൻ അപകടത്തിൽപ്പെട്ടത്.
ആകാശത്തേക്ക് വിക്ഷേപിക്കുന്ന തരത്തിലുള്ള റോക്കറ്റ് പടക്കത്തിന് തീ കൊളുത്തുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. ആകാശത്തേക്ക് കുതിച്ചുയരേണ്ടിയിരുന്ന റോക്കറ്റ് ദിശ തെറ്റി നേരെ കുട്ടിയുടെ നെഞ്ചിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഋഷിയെ ഉടൻ തന്നെ നരേലയിലെ സത്യവാദി രാജ ഹരിശ്ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് മകന്റെ മരണത്തിന് കാരണമെന്ന് കാണിച്ച് കുടുംബം രംഗത്തെത്തി. അത്യാസന്ന നിലയിലായിരുന്ന കുട്ടിയെ പരിശോധിക്കുന്നതിൽ ഡോക്ടർമാർ അങ്ങേയറ്റം അലംഭാവം കാണിച്ചുവെന്ന് ഋഷിയുടെ മൂത്ത സഹോദരൻ മോഹിത് ആരോപിച്ചു. “ഗുരുതരാവസ്ഥയിലായിരുന്ന എന്റെ അനിയനെ രക്ഷിക്കാൻ ഡോക്ടർമാർ താൽപ്പര്യം കാണിച്ചില്ല. വളരെ മെല്ലെ നടന്നു വന്ന അവർ, കുട്ടിയുടെ നെഞ്ചിൽ ഒന്നു തൊടുക മാത്രമാണ് ചെയ്തത്,” മോഹിത് വേദനയോടെ ഓർത്തു.
മകന്റെ വിയോഗവാർത്തയറിഞ്ഞ ഉടൻ തന്നെ ഋഷിയുടെ പിതാവ് ബോധരഹിതനായി വീണു. കുട്ടിക്ക് അപ്പോഴും ജീവന്റെ തുടിപ്പുണ്ടായിരുന്നുവെന്നും, കൃത്യസമയത്ത് മികച്ച ചികിത്സ ലഭിച്ചിരുന്നെങ്കിൽ മകനെ തങ്ങൾക്ക് തിരികെ ലഭിക്കുമായിരുന്നുവെന്നും മാതാവ് അഞ്ജലി വിതുമ്പിക്കൊണ്ട് പറഞ്ഞു.




