LIFESTYLE

വീട്ടുമുറ്റത്ത് പൂളും ലാൻഡ്‌സ്‌കേപ്പും ഒരുക്കി; ആഡംബര നിർമ്മാണത്തിന് ഒടുവിൽ സംഭവിച്ചത് എന്ത്?

സൊന്തമായൊരു വീട് എന്നത് എല്ലാവരുടെയും വലിയൊരു സ്വപ്നമാണ്. എന്നാൽ വീട് പണിയുന്ന വേളയിൽ പലർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. യാഥാർഥ്യബോധത്തെക്കാൾ ഉപരിയായി പലപ്പോഴും ഫാന്റസികൾക്ക് മുൻഗണന നൽകുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഗൾഫിൽ ജോലി ചെയ്യുന്ന ഒരു പ്രവാസിയുടെ ജീവിതത്തിൽ സംഭവിച്ചതും ഇതേ അനുഭവമാണ്. നാട്ടിലെ പഴയ കുളവും പച്ചപ്പും നൽകിയ ഗൃഹാതുരമായ ഓർമ്മകൾ കൊണ്ടുനടന്നിരുന്ന അദ്ദേഹം, പുതിയ വീട് പണിതപ്പോൾ അതിനോടൊപ്പം സമകാലിക ശൈലിയിലുള്ള സ്വിമ്മിങ് പൂളും വിശാലമായ ലാൻഡ്‌സ്‌കേപ്പും ഫൗണ്ടനുകളും വേണമെന്ന് ആഗ്രഹിച്ചു.

ധാരാളം തണൽമരങ്ങൾ ഉണ്ടായിരുന്ന ആ സ്ഥലം വെട്ടിത്തെളിച്ചാണ് പുൽത്തകിടിയും പൂളും നിർമ്മിച്ചത്. വീടുപണിക്ക് ചെലവാക്കിയ തുകയ്ക്ക് തുല്യമായ തുക മെക്സിക്കൻ ഗ്രാസും പേൾ ഗ്രാസും അലങ്കാരച്ചെടികളും നട്ടുപിടിപ്പിക്കാനായി അദ്ദേഹം ഒഴുക്കി. വീടിനുള്ളിൽ ഒരു കോർട്യാർഡ് ഫൗണ്ടനാക്കി മാറ്റുകയും മറ്റൊരു ജലസംഭരണിയിൽ മീനുകളെ വളർത്തുകയും ചെയ്തു. തുടക്കത്തിൽ കുറച്ചുനാൾ എല്ലാം നന്നായി നടന്നു. പച്ചപ്പും കുളിർമയും ആവോളം ആസ്വദിച്ച ശേഷം ഗൃഹനാഥൻ തിരികെ ഗൾഫിലേക്ക് മടങ്ങി.

എന്നാൽ താമസമായ ശേഷം വന്ന ആദ്യ വേനൽക്കാലം ദുരിതത്തിന്റേതായിരുന്നു. ജലക്ഷാമം രൂക്ഷമായ ആ പ്രദേശത്ത് ഫെബ്രുവരി ആയപ്പോഴേക്കും കിണർ വറ്റി വരണ്ടു. പൊതുവായ വാട്ടർ കണക്ഷൻ ഉണ്ടെങ്കിലും വേനൽ കടുത്താൽ പൈപ്പിൽ വായു മാത്രമാണ് ലഭിക്കാറുള്ളത്. വീട്ടിലെ നിത്യോപയോഗത്തിനായി ടാങ്കർ ലോറികളെ ആശ്രയിക്കേണ്ടി വന്നു. നാട്ടിൽ ജോലിക്ക് പോകുന്ന ഭാര്യയ്ക്ക് തുടക്കത്തിൽ ഉദ്യാനം ഒരു കൗതുകമായിരുന്നുവെങ്കിൽ പിന്നീട് അത് വലിയൊരു ബാധ്യതയായി മാറി. വെള്ളമില്ലാത്തതിനാൽ പുൽത്തകിടി കരിഞ്ഞുണങ്ങി. ജനുവരി വരെ സജീവമായിരുന്ന ഫൗണ്ടൻ നിലച്ചു. ഫിൽട്ടർ ചെയ്യാൻ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ സ്വിമ്മിങ് പൂൾ വറ്റിക്കേണ്ടി വന്നു, ഇപ്പോൾ അതൊരു പാഴ്വസ്തുവിനെപ്പോലെ കരിയിലകളും പായലും നിറഞ്ഞ് കിടക്കുന്നു. വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വന്നതോടെ വീടിനുള്ളിലെ വാട്ടർ ബോഡിയും ദുർഗന്ധം വമിച്ച് തുടങ്ങി, ഒടുവിൽ അതും ഒഴിവാക്കേണ്ടി വന്നു. ഇതോടെ വീടിന്റെ വിവിധ ഇടങ്ങളിൽ നിർമ്മാണങ്ങൾ സ്മാരകശിലകൾ പോലെ വെറുതെ കിടപ്പായി.

കൂടാതെ, കാഴ്ചയിൽ ആകർഷകമാക്കാൻ വീടിന്റെ എലിവേഷനിൽ ധാരാളം ഗ്ലാസുകൾ നൽകിയിരുന്നു. മുറ്റം വെട്ടിത്തെളിച്ച് വിരിച്ച ഇന്റർലോക്കുകൾ ചൂടിനെ പ്രതിഫലിപ്പിച്ചതോടെ വീടിനുള്ളിലെ അന്തരീക്ഷം അസഹനീയമായി. എയർകണ്ടീഷണർ പ്രവർത്തിപ്പിക്കാതെ വീടിനുള്ളിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയായി. മാസാവസാനം വന്നെത്തുന്ന കറന്റ് ബിൽ വീട്ടുകാരെ ഞെട്ടിക്കുന്ന ഒന്നായി മാറുകയും ചെയ്തു.

Cinema ⏭️

Back to top button