കിഫ്ബി: ഊരാളുങ്കലിന് 6000 കോടിയുടെ പദ്ധതികള്‍, പത്തു വർഷം പിന്നിടുമ്പോൾ പാതിവഴിയിൽ

തിരുവനന്തപുരം∙ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണത്തിന് കീഴില്‍ കിഫ്ബി വഴി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചത് ഏകദേശം 6000 കോടി രൂപയുടെ വികസന പദ്ധതികള്‍. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആകെ 218 പദ്ധതികളാണ് ഈ കാലയളവില്‍ ഊരാളുങ്കലിനെ ഏല്‍പ്പിച്ചത്. എന്നാല്‍, ഇത്രയും വര്‍ഷം പിന്നിട്ടിട്ടും ഇതില്‍ പകുതിയിലധികം പദ്ധതികളും ഇനിയും ലക്ഷ്യത്തിലെത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഏറ്റെടുത്ത 218 പദ്ധതികളില്‍ 114 എണ്ണം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാനായത്. ബാക്കിയുള്ള 104 പദ്ധതികളുടെ കാര്യത്തില്‍ നിര്‍മാണം ഇഴഞ്ഞുനീങ്ങുകയോ, പലതും പാതിവഴിയില്‍ ഉപേക്ഷിക്കുകയോ, അല്ലാത്തപക്ഷം റദ്ദാക്കുകയോ ചെയ്ത സ്ഥിതിയാണുള്ളത്. പത്തു വര്‍ഷം കടന്നുപോയിട്ടും ഏകദേശം 3600 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും അന്തിമമാകാതെ കിടക്കുന്നത്. ഇക്കൂട്ടത്തില്‍ പൂര്‍ത്തിയാകാത്ത അമ്പതോളം പദ്ധതികളുടെ കാലാവധി വീണ്ടും ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
അതേസമയം, പണി പൂര്‍ത്തിയാകാതെ കിടക്കുന്നവയില്‍ നാല്പതോളം പദ്ധതികളുടെ പുരോഗതി വെറും 30 ശതമാനത്തില്‍ താഴെ മാത്രമാണെന്നതും ആശങ്കയുണ്ടാക്കുന്നു. വയനാട്, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ നടപ്പിലാക്കേണ്ടിയിരുന്ന നിര്‍ണായകമായ റോഡുകള്‍, പാലങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നിലവില്‍ താളംതെറ്റിയിരിക്കുന്നത്.




