CINEMA

ദുൽഖർ സൽമാന്റെ പുതിയ മെലഡി ഗാനം പുറത്തിറങ്ങി

ദുൽഖർ സൽമാൻ നായകവേഷത്തിലെത്തുന്ന ‘ആകാശംലോ ഒക താര’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും സംഗീതപ്രേമികളുടെ മനംകവരുകയാണ്. ചിത്രത്തിലെ ‘കണ്ണേ കണ്ണേ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ പുറത്തുവന്നു. പ്രശസ്ത സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാറാണ് ഈ മനോഹരമായ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. അരുൺ അളാട്ടാണ് മലയാളം വരികൾ എഴുതിയിരിക്കുന്നത്. ആനന്ദ് അരവിന്ദാക്ഷനും ഹരിത ബാലകൃഷ്ണനും ചേർന്നാണ് ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്.

പ്രണയത്തിന്റെയും വികാരതീവ്രതയുടെയും ആഴം തൊട്ടറിയാൻ കഴിയുന്ന ഒരു മെലഡിയാണ് ‘കണ്ണേ കണ്ണേ’. പ്രിയപ്പെട്ടവരിൽ നിന്നും അകന്നുനിൽക്കുമ്പോഴും, നാടിനെയും വീടിനെയും ഓർമകളെയും നെഞ്ചോടു ചേർക്കുന്ന നൊസ്റ്റാൾജിക് അനുഭവമാണ് ഓരോ ഈണത്തിലൂടെയും ഈ ഗാനം സമ്മാനിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖ താരം സാത്വിക വീരവല്ലിയാണ് നായികയായി എത്തുന്നത്. ശ്രുതി ഹാസൻ, റൂഹാനി, മുരളി ശർമ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബഹുഭാഷാ ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ നവംബർ 20-ന് റിലീസ് ചെയ്യും. സുജിത് സാരംഗാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രവീൺ കെ.എല്ലാണ് എഡിറ്റിംഗ്. പി.ആർ.ഒ – ശബരി.

Business ⏭️

Back to top button