അറബിക്കടലിൽ പുതിയയിനം വൈദ്യുത മത്സ്യം: അമ്പരപ്പായി 220 വോൾട്ട് ഷോക്ക്

പ്രതീകാത്മക ചിത്രം
കാഴ്ചയിൽ നിഷ്കളങ്കനെന്നു തോന്നിയാലും തൊട്ടാൽ 220 വോൾട്ട് വൈദ്യുതപ്രവാഹം പുറപ്പെടുവിക്കാൻ കെൽപ്പുള്ള അത്ഭുത ജീവിയാണിത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ‘ഡീപ് ഓഷ്യൻ മിഷൻ’ പദ്ധതിയുടെ ഭാഗമായി തെക്കുകിഴക്കൻ അറബിക്കടലിൽ നടത്തിയ പര്യവേക്ഷണത്തിനിടെയാണ് ഈ ഇലക്ട്രിക് റേ മത്സ്യത്തെ ഗവേഷകർ കണ്ടെത്തിയത്. ‘ടെട്രോനാർസി രാമനമൂർത്തി’ (Tetronarce ramannamurthyi) എന്നാണ് ഈ മത്സ്യത്തിന് നാമകരണം ചെയ്തിരിക്കുന്നതെന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി.
വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ‘ടെട്രോനാർസി’ വർഗ്ഗത്തിൽപ്പെട്ട മത്സ്യങ്ങളെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമുദ്രഭാഗങ്ങളിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഉരുണ്ടതും ബലമുള്ളതുമായ ശരീരപ്രകൃതവും നീളം കുറഞ്ഞ വാലും ഇവയുടെ പ്രത്യേകതയാണ്. ഇന്ത്യയുടെ ആഴക്കടൽ മേഖലകളിലെ ഇതുവരെ അജ്ഞാതമായിരുന്ന ജൈവവൈവിധ്യത്തെക്കുറിച്ചുള്ള നിർണ്ണായകമായ വെളിപ്പെടുത്തലാണ് ഈ കണ്ടെത്തലെന്ന് സുവോളജിക്കൽ സർവേ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര ടാക്സോണമി ജേണലായ ‘സൂടാക്സ’ (Zootaxa)-യിൽ ഈ കണ്ടെത്തലിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഡീപ് ഓഷ്യൻ മിഷന്റെ ഡയറക്ടറായ ഡോ. എം. വി. രാമനമൂർത്തിയോടുള്ള ആദരസൂചകമായാണ് ഈ പുതിയ മത്സ്യ ഇനത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നത്.
220 വോൾട്ട് വരെ വൈദ്യുതി
‘മാന്റ റേ’ മത്സ്യങ്ങളെപ്പോലെ തരുണാസ്ഥികൊണ്ടുള്ള ശരീരഘടനയാണ് ഇവയ്ക്കുള്ളത്. വീതിയേറിയ ശരീരമാണ് ഇവയുടേത്.
സമുദ്രത്തിന്റെ അടിത്തട്ടിലെ ചെളിയിലും മണലിലും ഒളിഞ്ഞിരുന്ന് പതുക്കെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവയാണിവ.
ഇരകളെ കീഴ്പ്പെടുത്താനും ശത്രുക്കളിൽ നിന്നും സ്വയം പ്രതിരോധിക്കാനും എട്ട് മുതൽ 220 വോൾട്ട് വരെ വൈദ്യുതി പുറത്തുവിടാൻ ഇവയ്ക്ക് സാധിക്കും.
നീല കലർന്ന കറുപ്പ് നിറത്തിലും കടും തവിട്ട് നിറത്തിലും ഇവയെ കാണാറുണ്ട്.
വൈദ്യുത പ്രവാഹത്തിന് അനുയോജ്യമായ രീതിയിൽ വൃത്താകൃതിയിൽ കട്ടിയുള്ള ശരീരവും ചെറിയ വാലുമാണ് ഇവയ്ക്കുള്ളത്.




