AUTO

കമ്പനി സർവീസ് സെന്ററുകളോ അതോ പുറത്തുള്ള വർക്ക്ഷോപ്പുകളോ: വാഹന അറ്റകുറ്റപ്പണിക്ക് ഏതാണ് ഉചിതം?

‘ഇതിനൊക്കെ സർവീസിങ്ങിനായി വലിയ തുക ചെലവാകില്ലേ?’ സുഹൃത്തിന്റെ ആഡംബര വാഹനം അല്പം അസൂയയോടെ നോക്കിക്കൊണ്ട് ബാലകൃഷ്ണൻ ചോദിച്ചു. ‘അതിനൊന്നും വലിയ കാര്യമില്ല, ഞാൻ കമ്പനിയുടെ വർക്ക്‌ഷോപ്പിൽ കൊണ്ടുപോകാറില്ല. പതിനായിരം രൂപയ്ക്കുള്ളിൽ ഓയിൽ മാറി കാര്യങ്ങൾ ഒതുക്കും. ഓയിലും ഫിൽറ്ററും വാങ്ങി നൽകിയാൽ നമ്മുടെ പരിചിതനായ പഴയ മെക്കാനിക്ക് അത് ഭംഗിയായി ചെയ്തോളും. കൂളന്റോ ബ്രേക്ക് ഫ്ളൂയിഡോ കുറവുണ്ടോ എന്ന് പരിശോധിക്കാനും അദ്ദേഹത്തിന് മടിയൊന്നുമില്ല. പിന്നെ മാസംതോറും ഒരു വാഷ് ചെയ്യും, അത്ര തന്നെ.’

‘പിന്നെ വാറന്റിയുടെ കാര്യമോ? അതൊക്കെ പോവില്ലേ?’ കൂട്ടുകാരന്റെ വാക്കുകളിൽ പൂർണ്ണമായി വിശ്വാസം വരാതെ ബാലകൃഷ്ണൻ സംശയത്തോടെ ചോദിച്ചു. ‘അതൊക്കെ വെറും തള്ളല്ലേ, ആത്യന്തികമായി അവർ പണം തട്ടാനുള്ള വഴികൾ നോക്കുകയാണ്’ എന്നായിരുന്നു മറുപടി. കാർ വാങ്ങിയ കാലം മുതൽ കൃത്യമായി കമ്പനിയുടെ സർവീസ് സെന്ററിൽ കൊണ്ടുപോകുന്ന ബാലകൃഷ്ണന് താൻ ചെയ്യുന്നത് അബദ്ധമാണോ എന്ന് തോന്നിപ്പോയി. ഓരോ തവണയും ആയിരക്കണക്കിന് രൂപ കൊടുത്ത് വണ്ടി തിരികെ വാങ്ങുമ്പോൾ ഒന്നു വൃത്തിയാക്കാൻ പോലും അവർ മിനക്കെടാറില്ല. എങ്കിലും, പുറത്തുള്ള വർക്ക് ഷോപ്പുകളെ അമിതമായി വിശ്വസിക്കാൻ ബാലകൃഷ്ണന് അത്ര ധൈര്യവുമുണ്ടായിരുന്നില്ല.

പുറത്തുള്ള ഗാരേജുകളിൽ വാഹനം നൽകുന്നതിന് മുൻപ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആധുനിക വാഹനങ്ങളിൽ പ്ലാസ്റ്റിക്, ഫൈബർ ഘടകങ്ങളുടെ ഉപയോഗം മുൻപത്തേക്കാൾ വളരെ കൂടുതലാണ്. ബോണറ്റ് തുറന്നാൽത്തന്നെ ഇത് ബോധ്യപ്പെടും. ചെറിയൊരു ഇടി പോലും ഇത്തരം ഭാഗങ്ങളിൽ വലിയ കേടുപാടുകൾ വരുത്താൻ കാരണമാകും. പുതിയ തലമുറ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്ഷൻ സംവിധാനമാണുള്ളത്. ഉയർന്ന മർദ്ദത്തിൽ ഇന്ധനം പ്രവർത്തിക്കുന്നതിനാൽ, പ്രത്യേകിച്ച് ഡീസൽ എൻജിനുകളിൽ, ഇതിന്റെ ഘടകങ്ങൾക്ക് നല്ല വിലയുണ്ട്. അതിനാൽ, പുറത്തുള്ള വർക്ക്‌ഷോപ്പുകളിൽ ഏൽപ്പിക്കുമ്പോൾ അവർക്ക് കൃത്യമായ അറിവും ആധുനിക ഉപകരണങ്ങളും ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. കാർ കഴുകുമ്പോൾ പോലും എൻജിൻ ഭാഗങ്ങളിൽ അമിത മർദ്ദത്തിൽ വെള്ളം അടിക്കുന്നത് പലപ്പോഴും ദോഷകരമാണ്.

എങ്കിലും, പ്രാദേശിക വർക്ക് ഷോപ്പുകളിൽ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എൻജിൻ ഓയിൽ മാറ്റുക, ഫിൽറ്ററുകൾ പരിശോധിക്കുക, കൂളന്റ്, ബ്രേക്ക് ഫ്ളൂയിഡ് തുടങ്ങിയവ കൃത്യമാക്കുക എന്നിവ ഇതിൽ പ്രധാനമാണ്. വാഹനത്തിന്റെ ചെറിയ പോറലുകൾ നീക്കുന്നതും പെയിന്റിങ് ജോലികളും അവിടെ ചെയ്യാവുന്നതാണ്.

വാറന്റി വേണോ? സർവീസ് കാര്യമായിത്തന്നെ കൈകാര്യം ചെയ്യുക.

സർവീസിനായി വാഹനം നൽകി, കംപ്ലൈന്റുകൾ പറഞ്ഞ് കണ്ണുമടച്ച് ഒപ്പിട്ടു നൽകി സ്ഥലം വിടരുത്. എന്തെല്ലാം പണികളാണ് ചെയ്യാൻ പോകുന്നത്, ഇതിന് ഏകദേശം എത്ര രൂപയാകും തുടങ്ങിയ കാര്യങ്ങൾ കൃത്യമായി ചോദിച്ചറിയണം. സർവീസ് റിക്വസ്റ്റ് ഫോമിന്റെ കോപ്പി വാങ്ങി അതിൽ രേഖപ്പെടുത്തുകയും വേണം. പതിവ് സർവീസിനൊപ്പം ടയറുമായി ബന്ധപ്പെട്ട പണികൾ അവിടെ നിന്ന് തന്നെ വേണമെന്ന് നിർബന്ധമില്ല. ടയർ റൊട്ടേഷൻ, അലൈൻമെന്റ്, ബാലൻസിങ് എന്നിവ പ്രത്യേക ടയർ സർവീസ് സെന്ററുകളിൽ ചെയ്താൽ ചിലവ് കുറയുന്നതോടൊപ്പം കൃത്യതയോടെ പണി നടക്കുകയും ചെയ്യും.

വാഹനത്തിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ, സർവീസിന് നൽകുന്നതിന് മുൻപ് ഉടമയുടെ സാന്നിധ്യത്തിൽ ഒരു ട്രയൽ റൈഡ് നടത്തണമെന്ന് ആവശ്യപ്പെടുക. തകരാർ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, പരിശോധനയ്ക്ക് ശേഷം വിവരം അറിയിക്കാനും ഉടമയുടെ സമ്മതം ലഭിച്ചാൽ മാത്രം അറ്റകുറ്റപ്പണി നടത്താനും നിർദ്ദേശിക്കണം. ചിലവേറിയ പണികൾ ആവശ്യമാണെന്നു പറയുകയാണെങ്കിൽ, അസൗകര്യങ്ങൾ മാറ്റിവെച്ച് നേരിട്ടെത്തി കാര്യങ്ങൾ ബോധ്യപ്പെടുന്നത് നല്ലതാണ്. മനസ്സിലാകാത്ത കാര്യങ്ങളെക്കുറിച്ച് ചോദിക്കാൻ മടിക്കരുത്. ‘ഇതൊന്നും എനിക്കറിയില്ല എന്ന് പറയുന്നത് മോശമല്ലേ’ എന്ന് കരുതേണ്ട. ഇത്തരം കാര്യങ്ങളിൽ ഉടമ കാണിക്കുന്ന ജാഗ്രത, അനാവശ്യമായ ചെലവുകൾ ഒഴിവാക്കാൻ സർവീസ് ജീവനക്കാരെ നിർബന്ധിതരാക്കും.

Sports ⏭️

Back to top button