ട്രാൻസ്പോർട്ട് പെൻഷൻ: ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകണം

കൊച്ചി: കെ.എസ്.ആർ.ടി.സി വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ, ചീഫ് സെക്രട്ടറിയും ഗതാഗത വകുപ്പ് സെക്രട്ടറിയും നവംബർ 24-ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ജനുവരി അഞ്ചിന് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെയും നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ സുപ്രധാന ഇടപെടൽ. ട്രാൻസ്പോർട്ട് പെൻഷണേഴ്സ് ഫ്രണ്ട് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ ഈ നടപടി. നിശ്ചയിച്ചിരിക്കുന്ന തീയതിക്ക് മുമ്പായി മുൻ ഉത്തരവ് പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കുകയാണെങ്കിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇളവ് ലഭിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബർ 18-ന് കേസ് പരിഗണിച്ചപ്പോൾ, പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട ഫയലുകൾ ധനകാര്യ വകുപ്പിന്റെ പരിശോധനയിലാണെന്നും ഉത്തരവ് നടപ്പിലാക്കാൻ കൂടുതൽ സാവകാശം വേണമെന്നും സർക്കാർ അഭിഭാഷകൻ അഭ്യർത്ഥിച്ചിരുന്നു. ഒക്ടോബർ 16-ന് വീണ്ടും കേസ് വന്നപ്പോഴും ഇതേ വാദമാണ് സർക്കാർ ആവർത്തിച്ചത്. എന്നാൽ, രണ്ടാഴ്ച പിന്നിട്ടിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നീണ്ട പതിനഞ്ച് വർഷങ്ങളായി പെൻഷൻ പരിഷ്കരണം മുടങ്ങിക്കിടക്കുകയാണെന്ന് പരാതിക്കാർ കോടതിയെ അറിയിച്ചിരുന്നു. കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിട്ടും സർക്കാർ അത് അവഗണിക്കുന്നതിനാലാണ് കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാൻ പെൻഷൻകാർ നിർബന്ധിതരായത്.




