57-ാം വയസ്സിലും മധുബാലയുടെ സൗന്ദര്യത്തിന്റെ രഹസ്യം മലയാളികളുടെ അടുക്കളയില്

മധുബാല
‘യോദ്ധ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മധുബാല. അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും അതേ സൗന്ദര്യവും തിളക്കവും കാത്തുസൂക്ഷിക്കാൻ താരത്തിന് സാധിക്കുന്നു എന്നത് അത്ഭുതകരമാണ്. 57-ാം വയസിലും യുവത്വം വിട്ടുമാറാത്ത ചർമ്മം സ്വന്തമാക്കിയ മധുബാലയുടെ സൗന്ദര്യത്തിന്റെ രഹസ്യം തേടുകയാണ് ആരാധകർ. അടുത്തിടെ കണ്ടന്റ് ക്രിയേറ്ററായ പ്രാചി ശർമ്മയുമായുള്ള അഭിമുഖത്തിൽ തന്റെ ആരോഗ്യസംരക്ഷണ മാർഗ്ഗങ്ങളെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും താരം മനസ് തുറന്നു.
‘എന്റെ ശരീരത്തിന് ഗുണകരമെന്ന് തോന്നിയ കാര്യങ്ങളാണ് ഞാൻ പിന്തുടരുന്നത്. ഞാൻ സാധാരണയായി പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത് എന്ന് പലരും പറയാറുണ്ടെങ്കിലും, എനിക്ക് അനുയോജ്യമായത് ഈ രീതിയാണ്. ഇഞ്ചിയും കറുവപ്പട്ടയും ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചുകൊണ്ടാണ് ഞാൻ ദിവസം തുടങ്ങുന്നത്.’
ഈ മിശ്രിതം തണുത്ത ശേഷം അതിലേക്ക് അൽപം നാരങ്ങാനീരും തേനും ചേർത്ത് കഴിക്കും. ഇതിനുശേഷം ബദാം കഴിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും പതിവാണ്. ശേഷം പഴവർഗ്ഗങ്ങളും കഴിക്കാറുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അത്താഴത്തിന് മുൻപുള്ള പ്രധാന ഭക്ഷണം കഴിക്കുക. നെയ്യ് കഴിച്ചാൽ വണ്ണം വെക്കുമെന്നത് പൊതുവേയുള്ള ധാരണയാണ്. എന്നാൽ ഞാൻ ദിവസവും രണ്ടോ മൂന്നോ സ്പൂൺ നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എനിക്ക് ഏറെ പ്രിയപ്പെട്ടതാണിത്. ഉച്ചഭക്ഷണത്തിൽ സാധാരണയായി രണ്ട് ചപ്പാത്തിയും ഇഷ്ടപ്പെട്ട പച്ചക്കറികളും ഒരു കപ്പ് തൈരും ഉൾപ്പെടുത്തിയാണ് ഞാൻ കഴിക്കാറുള്ളത്. ഇതാണ് എന്റെ പതിവ് ഭക്ഷണക്രമം’- മധുബാല കൂട്ടിച്ചേർത്തു.




