അടച്ചിട്ട വീടുകളുടെ നാടായി കേരളം: സീനിയർ ലിവിങ് സംസ്കാരവും മലയാളി ജീവിതത്തിലെ വരാനിരിക്കുന്ന മാറ്റങ്ങളും

മലയാളിജീവിതത്തിന്റെ ശൈലിയിൽ വലിയൊരു പരിവർത്തനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പലതരം ജീവിതശൈലികൾ ഒരേസമയം നിലനിൽക്കുന്ന ഒരു സവിശേഷ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. മുൻകാലങ്ങളിൽ ഒരു സാധാരണ പ്രവാസി മലയാളിയുടെ ജീവിതം വളരെ കൃത്യമായ ചട്ടക്കൂടിലായിരുന്നു: പഠനം കഴിഞ്ഞ് വിദേശത്ത് ജോലിക്കു പോകുന്നു, വിവാഹം കഴിക്കുന്നു, കഠിനാധ്വാനം ചെയ്ത് പണം സ്വരൂപിക്കുന്നു, പഴയ വീട് പുതുക്കിപ്പണിയുകയോ പുതിയത് നിർമിക്കുകയോ ചെയ്യുന്നു. കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനോ വിവാഹപ്രായത്തിനോ എത്തുമ്പോൾ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങുന്നു. മക്കൾ സുരക്ഷിതരാണെങ്കിൽ പിന്നീട് ബാക്കി കാലം വിശ്രമജീവിതത്തിനായി മാറ്റിവെക്കുന്നു. എന്നാൽ, ഈ രീതി ഇപ്പോൾ അന്യംനിന്നുപോവുകയാണ്.
നാട്ടിൽ സ്വന്തമായി ഒരു വീട് എന്നത് ഇടത്തരക്കാരായ മലയാളികളുടെ ചിരകാല സ്വപ്നമാണ്. മുപ്പതുകളിലോ നാൽപതുകളിലോ വീടുപണി പൂർത്തിയാക്കാൻ തുടങ്ങുന്നതോടെ, മാസവരുമാനത്തിന്റെ വലിയൊരു പങ്ക് ഭവനവായ്പയുടെ തിരിച്ചടവിനായി നീക്കിവെക്കേണ്ടി വരുന്നു. അത്യാവശ്യഘട്ടങ്ങളിൽ പോലും കൈയിൽ പണമില്ലാത്ത അവസ്ഥയിലേക്ക് പലരും എത്തുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ നേരിൽ കണ്ടും അനുഭവിച്ചും വളർന്ന പുതിയ തലമുറ ഇപ്പോൾ കാര്യങ്ങളെ മറ്റൊരു രീതിയിലാണ് കാണുന്നത്. സമ്പാദ്യമെല്ലാം മുടക്കി നാട്ടിൽ വീടുവെച്ച് സെറ്റിൽ ചെയ്യാം എന്ന ചിന്തയിൽ നിന്ന് അവർ മാറി ചിന്തിക്കുന്നു.
നഗരങ്ങളിലെ മെച്ചപ്പെട്ട തൊഴിലവസരങ്ങളും കുട്ടികൾക്ക് ലഭിക്കുന്ന മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങളും കാരണം കുടുംബങ്ങൾ നഗരങ്ങളിലേക്ക് കുടിയേറുന്നത് വർധിച്ചിട്ടുണ്ട്. തൽഫലമായി, ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ പ്രായമായവർ മാത്രമാവുകയോ അല്ലെങ്കിൽ ആ വീടുകൾ പൂട്ടിയിടേണ്ടി വരികയോ ചെയ്യുന്നു. വീടും പരിസരവും കൃത്യമായി പരിപാലിക്കുക എന്നത് പലർക്കും വലിയ ബാധ്യതയായി മാറുന്നു. മാതാപിതാക്കളുടെ കാലശേഷം ഈ സ്വത്തുക്കൾ വിറ്റ് നഗരത്തിൽ ഫ്ലാറ്റുകളിലേക്ക് മാറാനാണ് മിക്കവരുടെയും ആഗ്രഹം. ഗ്രാമങ്ങളിൽ ‘വിൽപനയ്ക്ക്’ എന്ന ബോർഡുകൾ വ്യാപകമായി കാണുന്നത് ഈ മാറ്റത്തിന്റെ പ്രതിഫലനമാണ്.
മുൻകാലങ്ങളിൽ മക്കൾ നാട്ടിൽ വന്ന് താമസിക്കുമെന്ന് കരുതി ലക്ഷങ്ങൾ ചെലവഴിച്ച് വീട് നിർമിച്ചവരുണ്ട്. എന്നാൽ ഇപ്പോഴത്തെ ട്രെൻഡ് മാറി. നാട്ടിലേക്ക് യാത്ര ചെയ്യുന്ന പണം കൊണ്ട് കുടുംബസമേതം വിദേശരാജ്യങ്ങൾ സന്ദർശിക്കാനാണ് പുതിയ തലമുറ താൽപ്പര്യപ്പെടുന്നത്. മക്കളാകട്ടെ പാശ്ചാത്യരാജ്യങ്ങളിൽ കുടിയേറാൻ ശ്രമിക്കുന്നവരോ ഇതിനകം സെറ്റിൽഡ് ആയവരോ ആണ്. അവർക്കോ അവരുടെ കുട്ടികൾക്കോ നാട്ടിലേക്ക് തിരികെ വരാൻ താൽപ്പര്യമില്ല. ഒടുവിൽ, അടഞ്ഞുകിടക്കുന്ന വീടിന്റെ സംരക്ഷണം മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നു.
അതേസമയം, വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലബാർ മേഖലയിൽ സ്ഥിതി അല്പം വ്യത്യസ്തമാണ്. ഗൾഫ് നാടുകളുമായുള്ള ദീർഘകാല ബന്ധം നിലനിൽക്കുന്നതിനാൽ, നാട്ടിൽ വലിയ വീട് പണിയുക എന്ന സങ്കൽപ്പം ഇന്നും സജീവമാണ്. തൃശൂരിന് വടക്കോട്ടുള്ള പാതകളിൽ സഞ്ചരിച്ചാൽ ഇരുവശവും ഉയർന്നുനിൽക്കുന്ന മനോഹരമായ ബംഗ്ലാവുകൾ അത് തെളിയിക്കുന്നു. കേരളത്തിന്റെ നിർമാണ മേഖലയുടെ കേന്ദ്രം മലബാറാണെന്ന് പറയാം. പ്രമുഖ ആർക്കിടെക്ടുകളും, ഡിസൈനർമാരും, നിർമാണ സാമഗ്രികളുടെ വിപുലമായ വിപണിയും ഇവിടെ സജീവമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റത്തിനെതിരെ കർശനമായ നിയന്ത്രണങ്ങൾ വരുന്നുണ്ടെങ്കിലും, മികച്ച അവസരങ്ങൾ തേടി യുവാക്കൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോയിക്കൊണ്ടേയിരിക്കുന്നു. ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയിൽ ഈ പ്രവാസം തുടരുകയാണ്.




