LIFESTYLE

ഗൂഗിൾ പേ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക


പ്രതീകാത്മക ചിത്രം

ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് അക്കൗണ്ടിലെ പണം മുഴുവൻ കവരുന്ന രീതിയിലുള്ള പുത്തൻ തട്ടിപ്പുകൾ ഇപ്പോൾ വർധിച്ചുവരികയാണ്. ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടമായിരിക്കും ഫലം. ഒട്ടും സംശയം തോന്നാത്ത തരത്തിലാണ് തട്ടിപ്പുകാർ തങ്ങളുടെ വല വിരിക്കുന്നത്. ഔദ്യോഗിക പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും അജ്ഞാതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ഫോണിന്റെ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലെത്തിക്കാൻ ഇടയാക്കുന്നു. ബാങ്ക് പ്രതിനിധികളെന്ന വ്യാജേന വിളിച്ചെത്തി, പ്രത്യേക ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിച്ച് ഫോണിന്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കുന്ന തന്ത്രങ്ങളും ഇവർ ഉപയോഗിക്കുന്നുണ്ട്.

ഫോൺ അപ്‌ഡേറ്റ് ചെയ്യണമെന്ന സന്ദേശം നൽകിയാണ് മറ്റൊരു തരം തട്ടിപ്പ്. ഫോണിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി സ്ക്രീനിൽ നിരന്തരം അപ്‌ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശം കാണിച്ചുകൊണ്ടിരിക്കും. ഉപയോക്താവ് പരിഭ്രമിക്കുന്ന ഈ തക്കം നോക്കി തട്ടിപ്പുകാർ ഫോണിന്റെയും അതിലെ യുപിഐ ആപ്പുകളുടെയും നിയന്ത്രണം തങ്ങളുടെ കൈപ്പിടിയിലാക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിലെ പണം അപ്രത്യക്ഷമാകും.

ബാങ്ക് അക്കൗണ്ടിൽ പണമില്ലാത്തവർ പോലും ഇത്തരം കുരുക്കുകളിൽ പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഫോണിന്റെ നിയന്ത്രണം ലഭിച്ചുകഴിഞ്ഞാൽ തട്ടിപ്പുകാർ ഉടമയുടെ പേരിൽ വായ്പകൾ എടുക്കുകയോ ക്രെഡിറ്റ് സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുകയോ ചെയ്ത് പണം തട്ടിയെടുക്കും. കൂടാതെ, ഉടമയുടെ അക്കൗണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായ പണമിടപാടുകളും ഇവർ നടത്താറുണ്ട്.

തട്ടിപ്പിന് ഇരയായതായി അൽപ്പമെങ്കിലും സംശയം തോന്നിയാൽ ഉടൻ തന്നെ അതത് യുപിഐ ആപ്പുകളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാൻ ആവശ്യപ്പെടണം. ഒട്ടും സമയം കളയാതെ തന്നെ ബാങ്കിൽ അറിയിച്ച് അക്കൗണ്ട് വിവരങ്ങൾ സുരക്ഷിതമാക്കുകയും സംശയാസ്പദമായ ഇടപാടുകൾ തടയുകയും വേണം.

ദേശീയ സൈബർ ഹെൽപ്പ്‌ലൈൻ നമ്പറായ 1930-ൽ വിളിച്ചോ, ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ നൽകിയോ ഉടൻ പരാതി രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കുക. ഇതിനുപുറമെ പോലീസിലും പരാതി നൽകേണ്ടത് അത്യാവശ്യമാണ്. എത്രയും വേഗത്തിൽ നടപടികൾ സ്വീകരിക്കുന്നുവോ അത്രയും വേഗത്തിൽ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഫോൺ തനിയെ ഓഫാകുകയോ ആപ്പുകൾ തനിയെ തുറന്നു വരികയോ പോലുള്ള അസ്വാഭാവിക പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഇന്റർനെറ്റ് വിച്ഛേദിക്കുകയോ സിം കാർഡ് ഊരിമാറ്റുകയോ ചെയ്യുക. ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ വലിയൊരു സാമ്പത്തിക തട്ടിപ്പിൽ നിന്ന് നിങ്ങൾക്ക് രക്ഷനേടാം.

Sports ⏭️

Back to top button