400 വർഷം പഴക്കമുള്ള കടയിൽ നിന്ന് 40,000 രൂപയുടെ തലയണ വാങ്ങി ഇന്ത്യൻ യുവതി

പലരും വലിയൊരു കാര്യമോ മുൻഗണനയോ നൽകാതെ വാങ്ങുന്ന ഒന്നാണ് തലയണ. എന്നാൽ, വിപിൻദീപ് കൗർ എന്ന ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ് തനിക്ക് ഏറ്റവും യോജിച്ച തലയണ കണ്ടെത്താനായി മുടക്കിയത് ഏകദേശം 40,000 രൂപയാണ്. ജപ്പാൻ സന്ദർശനത്തിനിടെ നടന്ന ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. തലയണയുടെ അമിത വില മാത്രമല്ല, അത് തയ്യാറാക്കിയതിലെ സവിശേഷമായ രീതിയും ജനശ്രദ്ധ ആകർഷിക്കുന്നു.
ലാപ്ടോപ്പിലും മൊബൈലിലും തുടർച്ചയായി സമയം ചെലവഴിക്കുന്നത് തന്റെ കഴുത്തിന്റെ ആരോഗ്യത്തെയും ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ദോഷകരമായി ബാധിച്ചുവെന്ന് കൗർ പറയുന്നു. പണ്ട് ഉറക്കത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തിയിരുന്നില്ലെങ്കിലും പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് സ്ഥിതി മാറിയെന്ന് അവർ തുറന്നു സമ്മതിക്കുന്നു.
‘ജീവിതത്തിൽ ഇന്നുവരെ ഉറക്കത്തിന് ഇത്രയധികം മുൻഗണന നൽകിയിട്ടില്ല. എന്നാൽ പ്രായമാകുന്തോറും എന്റെ ഉറക്കം കൂടുതൽ പ്രശ്നത്തിലായി,’ കൗർ വിശദീകരിക്കുന്നു. ദിവസം മുഴുവൻ സ്ക്രീനുകളിൽ നോക്കിയിരിക്കുന്നത് കഴുത്തിൽ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കിയെന്നും, ഉറക്കത്തെ അത്രമേൽ സ്നേഹിക്കുന്ന താൻ ഈ തലയണയ്ക്കായി മുടക്കിയ തുക ഒരു മികച്ച നിക്ഷേപമായാണ് കണക്കാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് ഈ തലയണ ഇത്രയും വിലകൂടിയതാകുന്നത്? നിഹോൺബാഷിയിലുള്ള ‘നിഷികാവ’ എന്ന ജാപ്പനീസ് ബെഡ്ഡിങ് സ്റ്റോറിൽ നിന്നാണ് വിപിൻദീപ് കൗർ ഇത് സ്വന്തമാക്കിയത്. നാലു നൂറ്റാണ്ടോളം പാരമ്പര്യമുള്ള സ്ഥാപനമാണിത്. നവംബർ 4-ന് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ അനുഭവം പെട്ടെന്നുതന്നെ വൈറലായി. സാധാരണ കടകളിൽ ലഭിക്കുന്നവയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ തലയണകളുടെ നിർമ്മാണ രീതി.
ഈ സ്ഥാപനത്തിലെ വിദഗ്ധർ ആദ്യം ഉപഭോക്താവിന്റെ കഴുത്തിന്റെ അളവുകൾ കൃത്യമായി രേഖപ്പെടുത്തുകയും ശരീരപ്രകൃതി പരിശോധിക്കുകയും ചെയ്യുന്നു. ഓരോരുത്തർക്കും ഏറ്റവും അനുയോജ്യമായ സപ്പോർട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ ഉയരത്തിലുള്ള തലയണകളിൽ കിടത്തി പരിശോധിപ്പിക്കാറുണ്ട്. ‘ബിഞ്ചോട്ടാൻ’ എന്നറിയപ്പെടുന്ന കറുത്ത കരിമണികൾ നിറച്ചാണ് ഈ തലയണകൾ തയ്യാറാക്കുന്നത്. ശരീരത്തിന് ആവശ്യമായ സുഖവും താങ്ങും നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഉറങ്ങുമ്പോൾ ശരിയായ രീതിയിലുള്ള കിടപ്പ് നിലനിർത്താൻ അനുയോജ്യമായ തലയണ സഹായിക്കുമെങ്കിലും, അമിതമായ തുക ചെലവാക്കിയാൽ മാത്രം മികച്ച ഫലം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.




