AUTO

വൈഭവ് സൂര്യവംശിയുടെ ഗാരേജിലേക്ക് ടാറ്റ സിയാറ: റെക്കോർഡ് നേട്ടത്തിന് ടാറ്റയുടെ ഉപഹാരം

ഐപിഎല്ലിന്റെ പത്തൊമ്പതാം സീസണിൽ ‘ഇലക്ട്രിക് സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ’ നേട്ടം കൈവരിച്ച വൈഭവ് സൂര്യവംശിയെ തേടി ടാറ്റ മോട്ടോഴ്സിന്റെ കിടിലൻ സമ്മാനമെത്തി. പുത്തൻ സിയാറ എസ്‌യുവിയാണ് ടാറ്റ മോട്ടോഴ്സ് താരത്തിന് പാരിതോഷികമായി നൽകിയത്. ഐപിഎല്ലിലെ ഔദ്യോഗിക സ്പോൺസർമാരായ ടാറ്റ, കഴിഞ്ഞ സീസണിൽ വമ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ ഏറ്റവും കൂടുതൽ റൺസ് അടിച്ചുകൂട്ടുകയും ഓറഞ്ച് ക്യാപ്പിനൊപ്പം സൂപ്പർ സ്ട്രൈക്കർ പുരസ്കാരവും കരസ്ഥമാക്കിയ വൈഭവിനെയാണ് ഈ സമ്മാനം നൽകി ആദരിച്ചത്. ഐപിഎൽ ചരിത്രത്തിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമെന്ന അപൂർവ നേട്ടവും ഈ കൗമാരക്കാരന്റെ പേരിലുണ്ട്. അതേസമയം, സമ്മാനമായി ലഭിച്ച കാറിന്റെ ഡ്രൈവിങ് സീറ്റിലിരിക്കാൻ താരം നിയമപരമായി പ്രായപൂർത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്.

വാഹനത്തിന്റെ വേരിയന്റുകൾക്ക് അനുസൃതമായി 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി, കൂടാതെ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് എന്നിങ്ങനെ വിവിധ ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. മികച്ച ഇന്ധനക്ഷമത ഉറപ്പുനൽകുന്ന സിയാറയിൽ പെട്രോൾ പതിപ്പുകൾക്ക് 15.3 കിലോമീറ്ററും, എആർഎഐ സാക്ഷ്യപ്പെടുത്തിയ കണക്കുകൾ പ്രകാരം ഡീസൽ പതിപ്പുകൾക്ക് 21.26 കിലോമീറ്ററും മൈലേജ് ലഭിക്കും. ആഡംബരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത വാഹനത്തിൽ പനോരമിക് സൺറൂഫ്, ട്രിപ്പിൾ സ്ക്രീൻ ഡാഷ്‌ബോർഡ്, ഡോൾബി അറ്റ്‌മോസ് ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, എആർ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ എന്നിവയുണ്ട്. സുരക്ഷയുടെ കാര്യത്തിലും മുന്നിലുള്ള സിയാറ, ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ 5 സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. കൂടാതെ മൾട്ടിപ്പിൾ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, അത്യാധുനിക അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഈ എസ്‌യുവിയിലുണ്ട്.

Sports ⏭️

Back to top button