ക്ഷീരഫാമുകളിൽ ഷാമോണ്ട വൈറസ്: കീടങ്ങളിലൂടെ രോഗപ്പകർച്ച ഭീഷണി

ലണ്ടൻ: ബ്രിട്ടനിലെ രണ്ട് വാണിജ്യ ക്ഷീരഫാമുകളിൽ ഷാമോണ്ട വൈറസ് (SHAV) സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിലെ ഷ്രോപ്‌ഷെയർ, വെയിൽസിലെ പോവിസ് എന്നിവിടങ്ങളിലെ ഫാമുകളിലാണ് കന്നുകാലികളിൽ വൈറസ് ബാധ കണ്ടെത്തിയത്. അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസി ഇക്കാര്യം വ്യക്തമാക്കിയെങ്കിലും, നിലവിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കർശനമായ നിയന്ത്രണങ്ങൾ ഇപ്പോൾ അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം സാധാരണയായി പടരാറില്ലെങ്കിലും, ഫ്രാൻസിൽ രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞ ഒരാളിൽ ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബ്രിട്ടനിലെ ഫാമുകളിലും വൈറസ് എത്തിയത്. എന്താണ് ഷാമോണ്ട വൈറസ്? പെരിബുനിയവിരിഡേ (Peribunyaviridae) കുടുംബത്തിൽപ്പെട്ട ഓർത്തോബുനിയവൈറസ് വിഭാഗത്തിൽ വരുന്ന, പ്രാണികളിലൂടെ പകരുന്ന വൈറസാണിത്. 1960-കളിൽ നൈജീരിയയിലാണ് ആദ്യമായി ഈ വൈറസിനെ തിരിച്ചറിഞ്ഞത്. തുടർന്ന് 2026 ജൂണിൽ ജർമ്മനി, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലും സമാനമായ വൈറസ് സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. പശുക്കൾക്ക് പുറമെ ആട്, കുതിര തുടങ്ങിയ വളർത്തുമൃഗങ്ങളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്.
രോഗപ്പകർച്ചയും ലക്ഷണങ്ങളും: മൃഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയല്ല ഈ വൈറസ് പടരുന്നത്. പകരം ‘ക്യൂലിക്കോയിഡ്സ്’ (Culicoides) എന്നറിയപ്പെടുന്ന ചെറിയ ചോരകുടിയൻ പ്രാണികളുടെയും കൊതുകുകളുടെയും കടിയേൽക്കുന്നതാണ് രോഗബാധയ്ക്ക് പ്രധാന കാരണം. രോഗബാധയേറ്റ മൃഗങ്ങളിൽ കടുത്ത പനി, വയറിളക്കം, പാൽ ഉൽപ്പാദനത്തിൽ വലിയ ഇടിവ്, അതിയായ ക്ഷീണം, വിശപ്പില്ലായ്മ എന്നിവ പ്രകടമാകും. ഗർഭിണികളായ മൃഗങ്ങളെ ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന്റെ മരണം, ഗർഭച്ഛിദ്രം, അല്ലെങ്കിൽ ജനനവൈകല്യങ്ങളുള്ള കുഞ്ഞുങ്ങൾ എന്നിവയ്ക്ക് ഈ വൈറസ് കാരണമായേക്കാം.
മനുഷ്യരിലെ ബാധ: സാധാരണ സാഹചര്യത്തിൽ മനുഷ്യർക്ക് ഈ വൈറസ് വലിയ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടന (WHO) ചൂണ്ടിക്കാട്ടുന്നു. രോഗബാധയുള്ള മൃഗങ്ങളുമായോ അവയുടെ മാംസ-പാൽ ഉൽപന്നങ്ങളുമായോ ഇടപഴകുന്നതിലൂടെ മനുഷ്യരിലേക്ക് രോഗം പകരാറില്ല. 2026 ഒക്ടോബറിൽ ഫ്രാൻസിൽ അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള, പ്രതിരോധശേഷി വളരെ കുറഞ്ഞ ഒരു വ്യക്തിയിൽ ഈ വൈറസ് ബാധ കണ്ടെത്തിയത് മെഡിക്കൽ ലോകത്ത് ചർച്ചയായിരുന്നു. തലച്ചോറിലെ വീക്കം, കടുത്ത പനി, മാനസികമായ ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങളാണ് അന്ന് ആ വ്യക്തിയിൽ പ്രകടമായത്. യുകെയിലെ ഫാമുകളിൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, കന്നുകാലി വളർത്തുന്നവർ പ്രാണികളുടെ കടിയേൽക്കാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.




