NEWS

എൽഎൽബി പ്രവേശനത്തിനുള്ള പ്രായപരിധി ബിസിഐ റദ്ദാക്കി

ന്യൂഡൽഹി: നിയമബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിന് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പ്രായപരിധി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) പൂർണ്ണമായും റദ്ദാക്കി. ഇതോടെ, പ്രായഭേദമെന്യേ ആർക്കും ഇനി നിയമപഠനത്തിന് അവസരം ലഭിക്കും. പ്രായപരിധി സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കിയതായി ബിസിഐ ഔദ്യോഗികമായി വ്യക്തമാക്കിയതോടെ, ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ നിലനിന്നിരുന്ന ഹർജി തീർപ്പാക്കി.

2016-ൽ ബാർ കൗൺസിൽ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ഋഷഭ് ദുഗ്ഗൽ സമർപ്പിച്ച ഹർജിയെത്തുടർന്നാണ് നിർണ്ണായക നടപടി. മുൻപ് അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എൽഎൽബി കോഴ്സുകളിലേക്ക് പൊതുവിഭാഗക്കാർക്ക് 20 വയസ്സും, പട്ടികജാതി-വർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും 22 വയസ്സുമായിരുന്നു പ്രായപരിധിയായി നിശ്ചയിച്ചിരുന്നത്. മൂന്ന് വർഷത്തെ എൽഎൽബി കോഴ്സുകൾക്ക് 45 വയസ്സായിരുന്നു ഉയർന്ന പരിധി.

എങ്കിലും, 2017 മാർച്ചിൽ സുപ്രീം കോടതി ഈ നിബന്ധനകൾ സ്റ്റേ ചെയ്തിരുന്നു. സുപ്രീം കോടതിയുടെ ഈ നിലപാടും നിയമപരമായ വശങ്ങളും പരിശോധിച്ച ശേഷമാണ് പ്രായപരിധി എന്ന നിബന്ധന തന്നെ പൂർണ്ണമായി പിൻവലിക്കാൻ ബാർ കൗൺസിൽ തീരുമാനമെടുത്തത്.

Fashion ⏭️

Back to top button