തലസ്ഥാനം വിട്ട് ആര്യ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്, പാർട്ടിക്ക് കത്ത് നൽകി

ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മുൻ മേയർ ആര്യ രാജേന്ദ്രൻ തന്റെ രാഷ്ട്രീയ പ്രവർത്തന കേന്ദ്രം തലസ്ഥാനത്തുനിന്ന് മാറ്റാനൊരുങ്ങുന്നു.
തന്റെ പ്രവർത്തന മേഖല തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടിക്കൊണ്ട് ആര്യ പാർട്ടി നേതൃത്വത്തിന് കത്ത് നൽകി. ഇതുമായി ബന്ധപ്പെട്ട അപേക്ഷ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സമിതിയാണ്. പാർട്ടി ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചാൽ ആര്യയുടെ തുടർ രാഷ്ട്രീയ യാത്ര കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും.
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ആര്യ രാജേന്ദ്രൻ ശ്രദ്ധേയയാകുന്നത്. പിന്നീട് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയും ഈ യുവനേതാവിനെ തേടിയെത്തി. മേയറായിരിക്കെ 2020 സെപ്റ്റംബറിലായിരുന്നു കോഴിക്കോട് എം.എൽ.എയായ സച്ചിൻ ദേവുമായുള്ള ആര്യയുടെ വിവാഹം. സമീപകാലത്ത് നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആര്യ ജനവിധി തേടിയിരുന്നില്ല. നഗരസഭയിൽ എൽ.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. നിലവിൽ തന്നെ ഡി.വൈ.എഫ്.ഐയുടെ ഭാഗമായി കോഴിക്കോട്ടെ വിവിധ സംഘടനാ പ്രവർത്തനങ്ങളിൽ ആര്യ സജീവമായി ഇടപെടാറുണ്ട്.




