ചികിത്സയ്ക്കായി കുട്ടിയാന ചാർട്ടേഡ് വിമാനത്തിൽ തമിഴ്നാട്ടിലേക്ക്

കൊച്ചി ∙ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ മായയെന്ന കുട്ടിയാന ഗുജറാത്തിലേക്ക് യാത്ര തിരിച്ചു. കോടനാട് അഭയാരണ്യത്തിൽ കഴിയുന്ന, രോഗബാധിതയായ ഈ കുട്ടിയാനയെ ജാംനഗറിലെ വൻതാര കേന്ദ്രത്തിലേക്കാണ് കൊണ്ടുപോകുന്നത്. വൻതാര ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് ഈ യാത്ര. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോ വിഭാഗമാണ് ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയത്. ഉച്ചയ്ക്ക് 1.30-ഓടെ വിമാനം കൊച്ചിയിൽ നിന്ന് പറന്നുയർന്നു.
ജന്മനാ അസ്ഥിക്ഷയം (ഒസ്റ്റിയോപീനിയ) ബാധിച്ച മായയ്ക്ക് നേരത്തെ ദയാവധം വരെ നിർദേശിക്കപ്പെട്ടിരുന്നു. കേരളത്തിൽ ഈ അസുഖത്തിന് വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിലാണ് വനംവകുപ്പ് അധികൃതർ ബദൽ മാർഗങ്ങൾ തേടിയത്. ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തിയും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ജ്യോതിഷ് ജെ. ഒഴാക്കലും നടത്തിയ നിരന്തര പരിശ്രമങ്ങളാണ് മായയെ വൻതാരയിലെത്തിക്കാൻ വഴിതെളിച്ചത്. തുടർന്ന്, വൻതാരയിലെ ഡോക്ടർമാർ മായയുടെ രക്ത പരിശോധനാഫലങ്ങളും എക്സ്റേ റിപ്പോർട്ടുകളും വിശദമായി വിശകലനം ചെയ്തു. വിഡിയോ കോൺഫറൻസിലൂടെ കുട്ടിയാനയുടെ ആരോഗ്യനില നേരിട്ട് വിലയിരുത്തിയതിന് ശേഷമാണ് കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി മായയെ ജാംനഗറിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
യാത്രയ്ക്കായി പ്രത്യേകം സജ്ജമാക്കിയ കൂട്ടിലാണ് കുട്ടിയാനയെ വിമാനത്തിലേക്ക് മാറ്റിയത്. വിമാനയാത്രയിലുടനീളം വെറ്ററിനറി വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം മായയുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വനംവകുപ്പിന്റെ പ്രത്യേക ഉദ്യോഗസ്ഥരും മായയ്ക്കൊപ്പം ഈ യാത്രയിലുണ്ട്.




