NEWS

മാർത്ത കൊലപാതകം: കൃഷ്ണകുമാറിനെ പിടികൂടിയത് അത്യാധുനിക എഐ സാങ്കേതികവിദ്യയിലൂടെ

തൃശൂർ∙ മാർത്ത കൊലക്കേസിലെ പ്രതിയായ കൃഷ്ണകുമാറിനെ മൂന്ന് പതിറ്റാണ്ടുകൾ നീണ്ട ഒളിവുജീവിതത്തിനൊടുവിൽ പിടികൂടാൻ തൃശൂർ സിറ്റി പൊലീസിനെ സഹായിച്ചത് നിർമിതബുദ്ധിയുടെ കരുത്താണ്. നാറ്റ്ഗ്രിഡ് എന്ന ദേശീയ കുറ്റകൃത്യ വിവരശേഖരത്തിലെ ‘ഗാണ്ഡീവ’ എന്ന അത്യാധുനിക എഐ സാങ്കേതികവിദ്യയാണ് കേസിൽ നിർണായകമായത്. വർഷങ്ങൾക്ക് മുമ്പുള്ള കൃഷ്ണകുമാറിന്റെ ചിത്രം എഐ ഉപയോഗിച്ച് ഇന്നത്തെ പ്രായത്തിന് അനുസൃതമായി രൂപമാറ്റം വരുത്തിയതും, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ ക്രോഡീകരിച്ച് നടത്തിയ ഫാമിലി നെറ്റ്‌വർക്ക് മാപ്പിംഗുമാണ് ഇയാളെ കണ്ടെത്താൻ അന്വേഷണ സംഘത്തെ തുണച്ചത്. മഹേഷ് എന്ന വ്യാജനാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ, ശാസ്ത്രീയമായ നീക്കങ്ങളിലൂടെയാണ് പൊലീസ് ഒടുവിൽ പിടികൂടിയത്.

ഇന്റലിജൻസ് ബ്യൂറോ (ഐബി), റോ, എൻഐഎ, ഭീകരവിരുദ്ധ സ്ക്വാഡ് തുടങ്ങി എട്ടു കേന്ദ്ര ഏജൻസികളും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനകളും സംയുക്തമായി തയ്യാറാക്കിയ അതിവിപുലമായ ഡിജിറ്റൽ ഡാറ്റാബേസാണ് നാറ്റ്‌ഗ്രിഡ്. മെഷീൻ ലേണിങ്, പാറ്റേൺ റെക്കഗ്നിഷൻ, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഗാണ്ഡീവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാങ്കേതിക മികവാണ് ദീർഘകാലമായി നിയമത്തിന് മുന്നിൽപ്പെടാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുടുക്കാൻ പൊലീസിന് സഹായകമായത്.

Fashion ⏭️

Back to top button