എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ: രഹസ്യവിവരത്തെ തുടർന്ന് പരിശോധന

മൂവാറ്റുപുഴ∙ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ പൊലീസ് നടത്തിവരുന്ന ലഹരിവേട്ടയുടെ ഭാഗമായി, 29 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിലായി. വളയൻചിറങ്ങര പുത്തൂരൻ കവല കളത്തിപ്പറമ്പിൽ ആൽബിൻ ഷാജി (26), അല്ലപ്ര വെള്ളൂരാൻ കുന്നു വീട്ടിൽ ആദർശ് അനൂപ് (19) എന്നിവരെയാണ് മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് തൃക്കളത്തൂർ സൊസൈറ്റിപ്പടിക്ക് സമീപം വെച്ചാണ് ഇവരെ വലയിലാക്കിയത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ നിർദ്ദേശാനുസരണം നേരത്തെ തന്നെ ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഗോവയിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് കേരളത്തിലെത്തിച്ച്, അത് ചെറിയ പൊതികളിലാക്കി വിപണനം നടത്തിവരികയായിരുന്നു പ്രതികളെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജു, എസ്ഐ ബി. റോഷ്നി, എഎസ്ഐമാരായ പി.എസ്. സലിം, എം. അനീഷ്, കെ.എ. അനസ്, സീനിയർ സിപിഒമാരായ വർഗീസ് ടി. വേണാട്ട്, ഗിരീഷ്, സിപിഒമാരായ ഇർഫാൻ ഹബീബ്, സിജാസ്, ശ്രീജു, എം.കെ. ഷിയാസ്, ദയേഷ്, ബഷീറ എന്നിവരടങ്ങിയ സംഘമാണ് ഈ ഓപ്പറേഷനിൽ പങ്കെടുത്തത്.




