വാഹനം ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ വെട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ

കോതമംഗലം∙ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളികളായ സഹോദരങ്ങൾ ഒടുവിൽ പിടിയിലായി. ചെറുവട്ടൂർ കുരുവി നാംപാറ പാലക്കാട്ട് അനസ് (38), സഹോദരൻ അജിംസ് (38) എന്നിവരെ കോതമംഗലം പോലീസ് പിടികൂടിയത്. കഴിഞ്ഞ ജൂൺ 23-നായിരുന്നു മാതിരപ്പിള്ളി ഇഞ്ചൂർ പാലത്തിന് സമീപം വെച്ച് യുവാവിനുനേരെ ക്രൂരമായ ആക്രമണം നടന്നത്.
സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി വാക്കത്തി ഉപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ തമിഴ്നാട് അടക്കമുള്ള പല സംസ്ഥാനങ്ങളിലായി മാറി മാറി താമസിച്ചുവരികയായിരുന്നു.
കോതമംഗലം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഇരുവരും. അനസിനെതിരെ കോതമംഗലം, പോത്താനിക്കാട് സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്. അജിംസിനെതിരെയും കോതമംഗലം സ്റ്റേഷനിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ പി.ജെ.കുര്യാക്കോസ്, എസ്ഐ അജികുമാർ, എഎസ്ഐ എൽദോസ് അബ്രഹാം, എസ്സിപിഒ പ്രവീൺ, സിപിഒ ദയേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.




