പെരുമ്പാവൂരിൽ മൂന്നു വയസ്സുകാരന്റെ മരണം: രണ്ടാനച്ഛൻ അറസ്റ്റിൽ

കൊച്ചി∙ പെരുമ്പാവൂരിൽ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനായ അസം ബോർബില സ്വദേശി മൊഹേശ്വർ ചുഡിയയെ (27) പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ചേലാമറ്റം വല്ലം ഭാഗത്ത് കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു ഇയാൾ.
കുട്ടിയെ ആശുപത്രിയിൽ എത്തിച്ച സമയത്ത്, വീടിന്റെ മുകൾനിലയിൽ നിന്നും താഴേക്ക് വീണതാണ് മരണകാരണമെന്നാണ് ഇയാൾ വാദിച്ചിരുന്നത്. എന്നാൽ, കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന മർദനത്തിന്റെ പാടുകൾ ആരോഗ്യപ്രവർത്തകരിൽ സംശയമുണർത്തി. ഇതിനെത്തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
കുട്ടിയെ ക്രൂരമായി മർദിക്കുകയും തല ഭിത്തിയിൽ ആഞ്ഞടിപ്പിക്കുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പ്രതി തുടക്കത്തിൽ വിസമ്മതിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.




