ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ കാറും ബൈക്കും കൂട്ടിയിടിച്ചു; 19കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അപകടത്തിന്റെ ദൃശ്യങ്ങൾ
പത്തനംതിട്ട: കോന്നി കൂടൽ ജംഗ്ഷനിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. കലഞ്ഞൂർ ഐ.എച്ച്.ആര്.ഡി കോളേജ് വിദ്യാർത്ഥിയായ കൃഷ്ണനന്ദു (19) ആണ് മരിച്ചത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ കൂടലിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം നടന്നത്.
ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പത്തനംതിട്ടയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി വരികയായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വാഹനത്തിലേക്ക് വിദ്യാർത്ഥി ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. രാവിലെ കോളേജിലേക്ക് പുറപ്പെട്ടതായിരുന്നു കൃഷ്ണനന്ദു. വിദ്യാർത്ഥിയുടെ ബൈക്കിന് മുന്നിലേക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികൻ പെട്ടെന്ന് ചാടുകയായിരുന്നു. ഇയാളെ ഇടിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ വന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
തുടർന്ന്, കാർ കൃഷ്ണനന്ദുവിന്റെ തലയിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികന് കാര്യമായ പരിക്കുകളൊന്നുമില്ല. കാറിലുണ്ടായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന് പരിക്കുകളൊന്നുമില്ല. സംഭവത്തെത്തുടർനന്ന് കെ ജയകുമാർ മറ്റൊരു വാഹനത്തിലാണ് യാത്ര തുടർന്നത്. അപകടം നടന്നയുടൻ കൂടൽ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
English Summary
A 19-year-old college student, Krishnanandhu, died after his motorcycle collided with Travancore Devaswom Board President K. Jayakumar’s car at Koodal Junction in Pathanamthitta on Thursday morning. The accident occurred when a pedestrian suddenly crossed the road, causing the student to lose control of his bike. He was rushed to a private hospital but succumbed to his injuries. The pedestrian and Jayakumar escaped without serious injuries.
RELATED TOPICS: TRAVANCORE DEVASWOM BOARD PRESIDENT, K JAYAKUMAR CAR ACCIDENT, KOODAL ACCIDENT, COLLEGE STUDENT DIES
Read News ⏭️




